പു​ന്ന​പ്ര പ​റ​വൂ​രി​ലെ ലൈ​ഫ്മി​ഷ​ൻ ഫ്ലാ​റ്റ്​ സ​മു​ച്ച​യ​നി​ർ​മാ​ണം നിലച്ചനി​ല​യി​ൽ

പത്തുമാസത്തിനകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ലൈഫ് ഭവന പദ്ധതി ഫ്ലാറ്റ്‌ നിർമാണം എങ്ങുമെത്തിയില്ല

പുന്നപ്ര (ആലപ്പുഴ): പറവൂരിലെ ലൈഫ്മിഷൻ ഫ്ലാറ്റ് സമുച്ചയനിർമാണം എങ്ങുമെത്താതെ രണ്ടുവർഷം. പത്തുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ 2020 മാർച്ച് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ട ഫ്ലാറ്റ് സമുച്ചയത്തിനാണ് ഈ ഗതി. ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന് കഴിഞ്ഞവർഷം ജനുവരിയിൽ ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ നടത്തിയ പ്രഖ്യാപനവും പാഴായി.

ഒരു മാസമായി പദ്ധതി പ്രദേശത്ത് പണികൾ സ്തംഭിച്ചിരിക്കുകയാണ്. കയറിക്കിടക്കാൻ ഇടമില്ലാത്ത 156 കുടുംബങ്ങൾക്ക് പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാട്ടർ വർക്‌സിന് സമീപത്തെ 2.15 ഏക്കറിൽ ലൈഫ് ഭവനപദ്ധതിയിൽ ഫ്ലാറ്റ് നിർമിക്കാൻ തീരുമാനിച്ചത്. പ്രീ ഫാബ്രിക്കേഷൻ നിർമാണമാണ്. രണ്ട്‌ ഫ്ലാറ്റുകളിൽ ആദ്യത്തേതിന്‍റെ പൈലിങ് ജോലികൾ പൂർത്തിയാക്കി നിർമാണസാമഗ്രികൾ ഇറക്കിയെങ്കിലും പലതവണ പണികൾ മുടങ്ങി.

35 കോടി രൂപ ചെലവിൽ ഏഴുനിലകളിൽ 78 വീതം ഫ്ലാറ്റ് യൂനിറ്റുകളുള്ള രണ്ട് ഭവനസമുച്ചയമാണ് നിർമിക്കുക. ഓരോ കുടുംബത്തിനുമുള്ള ഫ്ലാറ്റ് യൂനിറ്റുകൾക്ക് 22 ലക്ഷം രൂപയോളം ചെലവുവരും. 5000 ചതുരശ്രയടിവീതം വിസ്തീർണമുള്ള രണ്ട്‌ ബ്ലോക്കിലായി ആകെ 10,000 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റാണ്‌ വരുന്നത്.

മഴവെള്ളസംഭരണി, സൗരോർജ പ്ലാന്‍റ്, ഖരദ്രവ മാലിന്യനിർമാർജന സംവിധാനങ്ങൾ, കുടിവെള്ള സംവിധാനം, ചുറ്റുമതിൽ, അഗ്‌നിശമനസൗകര്യങ്ങൾ തുടങ്ങിയവയും സമുച്ചയത്തിലുണ്ടാകും. അംഗൻവാടി, വൃദ്ധജനപരിപാലനകേന്ദ്രം, ഓഫിസ് സൗകര്യം, വിനോദ-വിശ്രമകേന്ദ്രങ്ങൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും പ്ലാൻ ചെയ്തിരുന്നു.

തൃശൂർ ജില്ല ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രോജക്ട് മാനേജ്‌മെന്‍റ് കൺസൽട്ടൻസി. ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് കരാറെടുത്തിരിക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ പ്രീഫാബ് ലിമിറ്റഡിനാണ് ഗുണനിലവാരപരിശോധന മേൽനോട്ടച്ചുമതല. ലൈഫ്മിഷൻ നേരിട്ട് നിർമിക്കുന്ന 10 പൈലറ്റ് ഭവനസമുച്ചയങ്ങളിൽ ഒന്നാണിത്.  

Tags:    
News Summary - The construction of the Life Housing project flat not reached anywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.