കലക്ടർ വി.ആർ. കൃഷ്ണതേജ ആദ്യമായി ഒപ്പുവെച്ച ദത്തെടുക്കൽ ഉത്തരവ് പ്രത്യേക ദത്തെടുക്കൽ ഏജൻസി പ്രതിനിധി കെ. നാസറിന് കൈമാറുന്നു
ആലപ്പുഴ: ബാലനീതി നിയമ ഭേദഗതിക്കുശേഷം ആലപ്പുഴ ശിശുപരിചരണ കേന്ദ്രത്തിൽനിന്ന് ആദ്യമായി ദത്തിലൂടെ കുഞ്ഞിനെ നൽകി. നിയമപരമായി വിവാഹം കഴിഞ്ഞ് 23 വർഷം കുട്ടികൾ ഇല്ലാതിരുന്ന ദമ്പതിമാർക്കാണ് കുഞ്ഞിനെ ലഭിച്ചത്. ജില്ലയിൽ ആദ്യമായാണ് നിയമ ഭേദഗതിക്കുശേഷം ദത്തെടുക്കൽ ഉത്തരവിൽ കലക്ടർ ഒപ്പുവെക്കുന്നത്.
കലക്ടറുടെ ചേംബറിൽ നടന്ന ഹിയറിങ്ങിൽ ജില്ല അഡീഷനൽ മജിസ്ട്രേറ്റ് എസ്.സന്തോഷ് കുമാർ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തി. പിന്നാലെ കുട്ടിക്ക് കലക്ടർ മധുരംനൽകി. ദത്ത് നൽകൽ സർട്ടിഫിക്കറ്റ് കലക്ടർ വി.ആർ. കൃഷ്ണതേജ സ്പെഷലൈസ്ഡ് അഡോപ്ഷൻ ഏജൻസി പ്രതിനിധി കെ. നാസറിന് കൈമാറി. കുഞ്ഞിന്‍റെ ജനന സർട്ടിഫിക്കറ്റ് ആലപ്പുഴ നഗരസഭയിൽനിന്ന് നൽകും.
ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ടി.വി. മിനിമോൾ, ജില്ല ലോ ഓഫിസർ സി. ഉദയകുമാർ, ഡി.സി.പി.ഒ പ്രൊട്ടക്ഷൻ ഓഫിസർ അനു ജയിംസ്, സീനിയർ സൂപ്രണ്ട് പ്രീത പ്രതാപൻ, ജൂനിയർ സൂപ്രണ്ട് വിനോദ് ജോൺ, എം.ആർ രാജേഷ്, ശിശു പരിചരണ കേന്ദ്രം ഇൻ ചാർജ് പ്രിമ സുബാഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.