തഴുപ്പ് ഗ്രാമത്തിൽ വിരുന്നെത്തിയ കൊറ്റിക്കൂട്ടം
തുറവൂർ: പ്രകൃതി മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ തഴുപ്പിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് വിവിധയിനം പക്ഷി കൂട്ടങ്ങളെകൂടി കണ്ട് മടങ്ങാം. കുത്തിയതോടിനും കോടംതുരുത്തിനും തഴുപ്പിനും ഇടയിലായുള്ള കുറുമ്പി കായലിലാണ് ആയിരക്കണക്കിന് കൊക്കും ദേശാടനപ്പക്ഷികളും വിരുന്നെത്തിയത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പക്ഷിക്കൂട്ടം എത്തുന്നത്. ഉപ്പിന്റെ കാഠിന്യത്താൽ ചീയുന്ന പൊളപ്പായലിലുള്ള പുഴുക്കളും കായലിലെ ചെറുമീനുകളും തേടിയാണ് ഇവ കൂട്ടമായി വരുന്നത്. ചങ്ങരം പാടശേഖരത്തിൽനിന്ന് എത്തുന്ന പക്ഷിക്കൂട്ടങ്ങൾക്ക് പ്രിയപ്പെട്ടതാകുന്നത് ഇവിടുത്തെ ആവാസ വ്യവസ്ഥയും ഭക്ഷണ ലഭ്യതയുമാണ്. എല്ലാവർഷവും വിവിധയിനം ദേശാടന പക്ഷികളാണ് ഇവിടേക്ക് പറന്നെത്തുന്നത്.
രാവിലെയും വൈകീട്ടുമാണ് പക്ഷികളെ കൂടുതലായി കാണുന്നത്. വെയിൽ കനക്കുന്നതോടെ മരക്കൊമ്പുകളിലും കുറ്റി കാടുകളിലുമായി ഇവ നിലയുറപ്പിക്കും. സ്വച്ഛമായ അന്തരീക്ഷവും പ്രകൃതി ഭംഗിക്കൊപ്പം സദാസമയവും പറന്നുല്ലസിക്കുന്ന കിളികളും പരുന്തും കൊക്കും കുരുവികളും തഴുപ്പ് ഗ്രാമത്തിന്റെ മനോഹര കാഴ്ചകളാണ്. വിദേശികളും സ്വദേശികളുമായ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിൽ പക്ഷിക്കൂട്ടങ്ങളും ഒരു ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.