പുനർനിർമാണം നടക്കുന്ന അരൂർ ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം
അരൂർ: അരൂർ മാർക്കറ്റിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് 42 ലക്ഷം അനുവദിച്ചു. പുനർനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. ഉദ്ഘാടനത്തിന് ശേഷം കാര്യമായ അറ്റകുറ്റപ്പണികൾ കെട്ടിടത്തിൽ നടത്തിയിട്ടില്ല. അരൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ കെട്ടിടമാണിത്.
അറ്റകുറ്റപ്പണികൾ നടത്താതെ കെട്ടിടത്തിന്റെ പല ഭാഗവും ജീർണാവസ്ഥയിലാണ്. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം കയറുന്നത് കൊണ്ട് പ്ലാസ്റ്ററിങ് പലസ്ഥലത്തും പൊളിഞ്ഞിട്ടുണ്ട്. അരൂർ ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ വർഷത്തെ പദ്ധതി പ്രകാരം 20 ലക്ഷവും ജില്ല പഞ്ചായത്തിന്റെ 22 ലക്ഷവും ചേർത്ത് 42 ലക്ഷം രൂപയുടെ പുനർനിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പ്ലാസ്റ്ററിങ്, പെയിന്റിങ്, ടൈൽസ് വർക്ക് എന്നിവ നടക്കും. ട്രസ് വർക്ക് നടത്തി മേൽക്കൂര നിർമിക്കാനും ഉദ്ദേശിക്കുന്നുണ്ട്. പദ്ധതിയിൽ ഇല്ലെങ്കിലും കെട്ടിടത്തിന്റെ ഉറപ്പിന് മേൽക്കൂര നിർമിക്കാനും പദ്ധതിയുണ്ടെന്ന് കരാറുകാരൻ പറഞ്ഞു. നിലവിലെ കെട്ടിടത്തിലുള്ള 15 ഓളം ടോയ്‌ലറ്റുകൾ പൊളിച്ചു കളഞ്ഞ് പുതിയത് സ്ഥാപിക്കും. പ്ലംബിങ് വർക്ക് പൂർണമായും പുതുക്കും.
വാട്ടർ സപ്ലൈക്ക് പുതിയ പൈപ്പ് ലൈനോരുക്കും. പെയിന്റിങ് ഉൾപ്പെടെ നടത്തി കെട്ടിടം മോടിയാക്കാനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് എൻജിനീയറിങ് ഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കേരള സ്റ്റേറ്റ് റൂറൽ ഡെവലപ്മെന്റ് ബോർഡിന്റെ പദ്ധതി പ്രകാരം അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. വിശ്വനാഥൻ കല്ലിട്ട് 1988ൽ പണിയാരംഭിച്ച് 1998ൽ പൂർത്തീകരിച്ച് അന്നത്തെ തദ്ദേശ വകുപ്പ് മന്ത്രി സി.ടി. അഹമ്മദ് അലി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. പ
ഞ്ചായത്ത് ഷോപ്പിങ് സെന്റർ കം ഓഫിസ് ആൻഡ് ലോഡ്ജ് എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച മൂന്നു നില കെട്ടിടത്തിൽ ദിവസ വാടകക്ക് മുറികൾ നൽകുന്നതിനും ഉദ്ദേശിച്ചിരുന്നു. മാറി മാറി വന്ന പഞ്ചായത്ത് ഭരണം കെട്ടിടത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല, വാടകക്ക് മുറികൾ നൽകുന്നതിലും തിരിമറി നടത്തിയെന്ന് ആക്ഷേപമുണ്ടായിരുന്നു. പഞ്ചായത്തിലെ ഏറ്റവും വലിയ കെട്ടിടത്തിലെ പുനർനിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ ഭരണസമിതിയിലെ പലരും അറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.