ആ​ര്യാ​ട്​ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കി​ട ക​യ​ർ ഫാ​ക്ട​റി​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​​ഴി​​ലാ​ളി

അസംസ്കൃതവസ്തു വിലക്കയറ്റത്തിൽ കുരുങ്ങി ചെറുകിട കയർ ഫാക്ടറി ഉടമകൾ

ആലപ്പുഴ: കയർ ഉൽപന്നങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വില ലഭിക്കാത്തതും അസംസ്‌കൃതവസ്തുക്കളുടെ അടിക്കടിയുള്ള വിലവർധനവും മൂലം വലഞ്ഞ് പരമ്പരാഗത തൊഴിലാളികളും ചെറുകിട കയർഫാക്ടറി ഉടമകളും. തൊഴില്‍മേഖല പ്രതിസന്ധിയിലായ സമയത്തും തൊഴിലാളികളെ പിടിച്ചുനിർത്താൻ പണം കടംവാങ്ങേണ്ട സ്ഥിതിയിലാണ് ഫാക്ടറി ഉടമകൾ. ഓർഡർ ലഭിക്കാത്തതും തിരിച്ചടിയാണ്.

അസംസ്കൃത വസ്തുക്കളായ ചകിരി, കയർ എന്നിവക്കുള്ള വിലക്കയറ്റമാണ് മേഖലയെ ദുരിതത്തിലാക്കുന്നത്. ഒരുകെട്ട് ചകിരിക്ക് 650 രൂപയായിരുന്ന വില ഒറ്റയടിക്ക് 1120 രൂപയായി വർധിച്ചു. തമിഴ്നാട്ടിൽനിന്നാണ് ചകിരിയും കയറും എത്തുന്നത്. സൊസൈറ്റിക്കാണ് ഉൽപന്നങ്ങൾ നൽകുന്നതെങ്കിൽ നിലനിന്നുപോകും. പുറത്തുനിന്നുള്ള ഓർഡർ എടുത്താൽ ലാഭം കിട്ടാത്ത സ്ഥിതിയാണ്. കയർ കോർപറേഷന് ചെയർമാനില്ലാത്തതിനാൽ വിലനിയന്ത്രണവും സാധ്യമാകുന്നില്ല. തൊണ്ടിന്‍റെ ക്ഷാമമൂലം കേരളത്തിൽ ചകിരി ഉൽപാദനം നടക്കുന്നില്ല.

ഫൈബർ മാറ്റ് (ചകിരിത്തടുക്ക്) നിർമിക്കാൻ ഒരു ചതുരശ്ര അടിക്ക് കൂലിയായി 61 രൂപയും ബോണസും നൽകണം. സർക്കാർ നിശ്ചയിക്കുന്ന കൂലി സൊസൈറ്റി കൊടുത്താലേ ഉൽപന്നങ്ങൾക്ക് വിലകിട്ടൂ. ചില ഓർഡർ കിട്ടുന്നുണ്ടെങ്കിലും അത് നിർമിച്ചുനൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. അസംസ്കൃതവസ്തുക്കളുടെ വിലവർധനയിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. 35 കിലോ തൂക്കംവരുന്ന ഒരുകെട്ട് ചകിരിക്കാണ് 1120 രൂപ.

പുലർച്ച മുതൽ രാത്രിവരെയാണ് ജോലി. കയർപിരിച്ചുകുത്തി തറയിൽ കൊടുക്കുന്നത് മുതൽ തടുക്ക് രൂപപ്പെടുന്നതുവരെയുള്ള ജോലികൾ വിശ്രമില്ലാതെയാണ് ചെയ്യുന്നത്. തടുക്കിൽ ഡിസൈൻ വരുത്താൻ ‘ചകിരി’യിൽ ചായംമുക്കി ഉണക്കിയെടുക്കണം. മഴപെയ്താൽ ഇതും തടസ്സമാകും. വിലകൂടിയ ‘ബ്ലീച്ച്’ മഴപെയ്താൽ ഒട്ടിപോകും. അതിന്‍റെ നഷ്ടംകൂടി സഹിക്കേണ്ടിവരും. സർക്കാർ പാക്കേജ് കൊണ്ടുവന്നില്ലെങ്കിൽ പരമ്പരാഗതമേഖല പൂർണമായി ഇല്ലാതാകും.

ആര്യാട് മേഖയിൽ പ്രവർത്തിച്ചിരുന്ന പല ചെറുകിട ഫാക്ടറികളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. തൊഴിലെടുക്കാൻ ആളെക്കിട്ടാത്തതാണ് പ്രധാനപ്രശ്നം. പരമ്പരാഗത തൊഴിൽ പഠിക്കാൻ പുതുതലമുറ തയാറാകുന്നില്ല. ഇക്കാര്യത്തിൽ സർക്കാർതലത്തിൽ പരിശീലനം നൽകണം. വന്‍കിട കയര്‍ മുതലാളിമാരുടെ മാത്രം പ്രശ്‌നങ്ങള്‍ കേട്ട് പരിഹരിക്കുന്നതുപോലെ ഇവരുടെ പ്രശ്നങ്ങൾ പഠിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.

കടംവാങ്ങിയ ചകിരി ഉപയോഗിച്ചാണ് പല സംഘത്തിന്‍റെയും പ്രവർത്തനം. സംഘങ്ങൾക്ക് മാത്രം കൊടുക്കാനുള്ളത് ലക്ഷങ്ങളാണ്. കയർ ഉൽപാദനം ആധുനീകരിക്കാൻ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ലക്ഷ്യം നേടുന്നില്ല. ചകിരി ആവശ്യാനുസരണം ലഭ്യമാക്കാനുള്ള പദ്ധതികളും സർക്കാർ നടപ്പാക്കുന്നില്ല. കയറ്റുമതി വർധിച്ചാൽ മേഖലയിൽ തൊഴിലവസരങൾ കൂടും. കയർ സംഘങ്ങൾ തകർച്ചയുടെ വക്കിലാണ്. നൽകുന്ന കയറിനും ഉൽപ്പന്നങ്ങൾക്കും വില കിട്ടാത്തതാണ് പ്രധാന പ്രശ്നം. 

Tags:    
News Summary - Small coir factory owners hit by rising raw material prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.