എച്ച്.ടി.എൽ.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ഹോസ്പിറ്റാലിറ്റി ടെക് വിദഗ്ധരുടെ സംഗമം ഒക്ടോബർ ഒന്നുമുതൽ ആലപ്പുഴയിൽ
ദുബൈ: ഗൾഫിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഐ.ടി വിഭാഗം മേധാവികളുടെ കൂട്ടായ്മയായ ‘ഹോസ്പിറ്റാലിറ്റി ടെക്നോളജി ലീഡേഴ്സ് ഫോറ’ത്തിന്‍റെ (എച്ച്.ടി.എൽ.എഫ്) വാർഷിക സംഗമം ഇത്തവണ കേരളത്തിൽ നടക്കും. ഒക്ടോബർ ഒന്നുമുതൽ നാലുവരെ ആലപ്പുഴയിലാണ് സമ്മേളനം. ആദ്യമായാണ് കേരളത്തിൽ കൂട്ടായ്മയുടെ സംഗമം ഒരുക്കുന്നത്.
‘കോൺഫ്ലുവൻസ്’ എന്ന പേരിലാണ് ഹോസ്പിറ്റിലിറ്റി ടെക്നോളജി ലീഡേഴ്സ് ഫോറത്തിന്‍റെ വാർഷിക സംഗമം. ആലപ്പുഴ ഒലീവിയ ഹോട്ടലിൽ നാലുദിവസം നീളുന്ന പരിപാടിയിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ ഫോർസ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ടെക് വിഭാഗം മേധാവികളാണ് പങ്കുവെക്കുക. സംസ്ഥാന ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം നിർവഹിക്കും. കേരളത്തിന്‍റെ ടൂറിസം മേഖലക്ക് കൂടി മുതൽക്കൂട്ടാകുന്നതാണ് സമ്മേളനമെന്ന് സംഘാടകർ ദുബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.എ.ഇ, സൗദി, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽനിന്നുള്ള വിവിധ രാജ്യക്കാരായ ഹോസ്പിറ്റാലിറ്റി ഐ.ടി മേധാവികളാണ് സംഗമത്തിൽ ഒത്തുകൂടുക. ഈരംഗത്തെ പുതിയ സാങ്കേതിക പ്രവണതകൾ, ഡിജിറ്റൽ പരിവർത്തനം, നിർമിത ബുദ്ധി, സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ്, ക്ലൗഡ് ടെക്നോളജി, ഓപ്പറേഷനൽ എക്സലൻസ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയും വിവര കൈമാറ്റവും നടക്കും. ഏറെ തൊഴിൽ സാധ്യതകളുള്ള ഹോസ്പിറ്റാലിറ്റി ടെക്നോളജി കേരളത്തിലെ എൻജീനീയറിങ് സാങ്കേതിക പഠനത്തിന്‍റെ ഭാഗമല്ല.
ഈ കുറവ് പരിഹരിക്കാൻ അധികൃതരുമായി ചർച്ച നടത്തും. ഹൈബി ഈഡൻ എം.പി., ഷെഫ് പിള്ള, ദുബൈയിലെ ഹോസ്പിറ്റാലിറ്റി റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രഫഷനൽ അനുരാ മത്തായി എന്നിവരും അതിഥികളായി സംഗമത്തിലെത്തും. ഫോറം ഭാരവാഹികളായ ബൈജു ഫിലിപ്പ്, സ്റ്റാൻസി സാമുവൽ, മുബീർ മീത്തൽ, മുഹമ്മദ് നൗഫൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.