ജിബി
കാപ്പ: യുവാവിനെ ജയിലിലടച്ചു
പൂച്ചാക്കൽ: ഒട്ടേറെ ക്രിമിനൽ കേസുകളിലും ലഹരി കേസുകളിലും പ്രതിയായ പാണാവള്ളി പഞ്ചായത്ത് തൃച്ചാറ്റുകുളം ചെട്ടുകാട് വീട്ടിൽ ജിബിനെ (34) ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ല കലക്ടറുടെ തടങ്കൽ ഉത്തരവനുസരിച്ച് കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.
പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലും എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലുമായി 2012 മുതൽ കഠിന ദേഹോപദ്രവം, തട്ടിക്കൊണ്ടുപോകൽ, വീട് കയറി ആക്രമണം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ലഹരിമരുന്ന് വിൽപന തുടങ്ങി 10ഓളം കേസുകളിൽ പ്രതിയാണ് ജിബിൻ. രണ്ടുപ്രാവശ്യം കാപ്പ നടപടിപ്രകാരമുള്ള നാട് കടത്തൽ ശിക്ഷ അനുഭവിച്ച ജിബിൻ വീണ്ടും അക്രമപ്രവർത്തനങ്ങൾ തുടരുന്നതിനിടയിലാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽനിന്നും സമർപ്പിച്ച കാപ്പ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ കഴിഞ്ഞ ജൂലൈ 6 മുതൽ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
തമിഴ്നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ ഒളിച്ചുകഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി ചേർത്തല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ വെള്ളിയാഴ്ച കാക്കനാട് ഭാഗത്ത് പ്രതി ഉള്ളതായി അരൂർ സർക്കിൾ ഇൻസ്പെക്ടർ എം. അജയമോഹന് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് പൂച്ചാക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ പി.ടി. ലിജിമോളിന്റെ നേതൃത്വത്തിൽ ജിബിനെ കാക്കനാടുനിന്നും അറസ്റ്റു ചെയ്തു. പൊലീസ് സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീഷ്, അരുൺകുമാർ, അനൂപ്, ഗിരീഷ് എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.