1. അ​രൂ​ർ ആ​ഞ്ഞി​ലി​ക്കാ​ട് അം​ഗ​ൻ​വാ​ടി 2.അം​ഗ​ൻ​വാ​ടി​യി​ലെ പൂ​ർ​ത്തി​യാ​യി കൊ​ണ്ടി​രി​ക്കു​ന്ന ടോ​യ്​​ല​റ്റ്

അംഗൻവാടിക്ക് ശുചിമുറിയായി, വെള്ളം വേറെ തേടണം

അരൂർ: അരൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡിലെ അംഗൻവാടിയിൽ ശുചിമുറിയും മറ്റു സൗകര്യങ്ങളും തയാറാകുന്നുണ്ട്. എന്നാൽ, കുഞ്ഞുങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇപ്പോഴും അയൽ വീടുകളിൽ നിന്നാണ് അത്യാവശ്യത്തിന് കുടിവെള്ളം ജീവനക്കാർ അംഗൻവാടിയിലെത്തിക്കുന്നത്. 22 വർഷമായി ശുചിമുറി ഇല്ലാതിരുന്ന അംഗൻവാടിയിൽ അടുത്തിടെയാണ് ശുചിമുറി പണിയാൻ അരൂർ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിച്ചത്. അക്കാര്യം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.

അംഗൻവാടിയിൽ ശുചിമുറി ഇല്ലാത്തത് സംബന്ധിച്ച് മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നു. മൂന്നര ലക്ഷത്തോളം രൂപ അനുവദിച്ചാണ് വാട്ടർ ടാങ്കുകളും ടോയ്ലറ്റ് സൗകര്യവും ചുറ്റുമതിലും ഗേറ്റും അംഗൻവാടിക്ക് വേണ്ടി സജ്ജീകരിച്ചത്. ഇനിയും പണികൾ പൂർത്തീകരിക്കാനുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

തീരദേശ റെയിൽവേയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ആഞ്ഞിലിക്കാട് പ്രദേശത്ത് ജപ്പാൻ കുടിവെള്ള വിതരണം വർഷങ്ങളായി പ്രതിസന്ധിയിലാണ്. കാലഹരണപ്പെട്ട പൈപ്പ് ലൈനാണ് പ്രതിസന്ധിക്ക് കാരണം. ഉയരപ്പാത നിർമാണം തുടങ്ങിയ നാൾ മുതൽ പ്രദേശത്ത് കുടിവെള്ളം എത്താത്തത് കടുത്ത ദുരിതമാണുണ്ടാക്കുന്നത്. പല വീടുകളിലും മോട്ടോർ സ്ഥാപിച്ചാണ് ജപ്പാൻ കുടിവെള്ള പൈപ്പിൽ നിന്ന് വെള്ളമെടുക്കുന്നതെന്ന് വാട്ടർ അതോറിറ്റി അധികൃതർ തന്നെ പറയുന്നു. അംഗൻവാടിയിലും മുകളിലെ ടാങ്കിൽ വെള്ളം കയറുന്നില്ല.

ഭൂമിക്കടിയിൽ കോൺക്രീറ്റ് ടാങ്ക് നിർമിച്ച് വെള്ളം ശേഖരിച്ച് മുകളിലെ ടാങ്കിലേക്ക് പമ്പ് ചെയ്ത് കയറ്റേണ്ടിവരും. ലക്ഷങ്ങൾ മുടക്കി ശുചിമുറി സജ്ജീകരിച്ചാലും വെള്ളം എത്തിയില്ലെങ്കിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. 15 കുട്ടികൾ എത്തുന്ന തീരമേഖലയിലെ അംഗൻവാടിയിൽ കുട്ടികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി നടപ്പാക്കുന്നതിന് മന്ത്രി തലത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

Tags:    
News Summary - Anganwadi has a toilet but water needs to be found elsewhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.