ആലപ്പുഴ: നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെയും ജില്ല പൊലീസ് മേധാവിയുടെ അനുമതിയോടെയും ജലോത്സവദിനത്തില് പുന്നമടയില്‍ പ്രവര്‍ത്തിപ്പിച്ച പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഡ്രോണ്‍ പൊലീസ് നശിപ്പിച്ചത് വിവാദമായി. ആകാശദൃശ്യങ്ങൾ പകർത്തുന്നതിനിടെ ജാമർ ഉപയോഗിച്ച് റിമോട്ടുമായുള്ള ബന്ധം വേർപെടുത്തി ഡ്രോൺ നശിപ്പിക്കുകയായിരുന്നു. റിമോട്ടുമായുള്ള ബന്ധം നിലച്ചതോടെ നിയന്ത്രണം തെറ്റി ഡ്രോൺ നിലംപൊത്തി.
ജലമേളയുമായി ബന്ധപ്പെട്ട് എന്‍.ടി.ബി.ആര് സൊസൈറ്റി വിളിച്ച സമ്മേളനത്തില്‍ പുന്നമടയില്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി കലക്ടര്‍ അലക്സ് വര്‍ഗീസും ജില്ല പോലീസ് മേധാവി എം.പി. മോഹനചന്ദ്രനും അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടകനായെത്തുന്നതിനാല് പുന്നമട പ്രധാന വേദിയുടെ 100 മീറ്റര്‍ ചുറ്റളവ് റെഡ്സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജലമേളയില്‍ ഇത്തരത്തില്‍ വിലക്കുണ്ടായിട്ടും ഏതാനും ചാനലുകള്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നതായി ജില്ല പൊലീസ് മേധാവി വെളിപ്പെടുത്തിയിരുന്നു. ഇത്തവണ ലംഘിക്കുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്.പി വ്യക്തമാക്കിയിരുന്നു.
എന്നാൽ ചാനലുകള്‍ക്ക് ലൈവ് വിഷ്വലുകള്‍ പി.ആര്.ഡി പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണിലൂടെ ലഭ്യമാക്കുമെന്നും എസ്. പിയും കലക്ടറും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊലീസ് മേധാവിയില്‍നിന്ന് ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതി രേഖാമൂലം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിച്ച ഡ്രോണാണ് പൊലീസ് നശിപ്പിച്ചത്. ഇത് മൂലം ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചവര്‍ക്ക് മൂന്നര ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
ഇതിനും പുറമെ പല ദൃശ്യമാധ്യമങ്ങള്‍ക്കും വാര്‍ത്തകളും വിഷ്വലുകളും തത്സമയം നല്‍കാനാകാത്ത സ്ഥിതിയുണ്ടായി. വള്ളംകളിയുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഒട്ടേറെ പരാതികളാണുയര്ന്നിട്ടുള്ളത്. എന്‍.ടി.ബി.ആര് സൊസൈറ്റി ജനറല്‍ കണ്‍വീനര്‍ കൂടിയായ ആര്.ഡി. ഒയുടെ കുടുംബത്തെ തടഞ്ഞുവെച്ച പൊലീസ് ഇവരെ ദീര്‍ഘനേരം പരിശോധനക്ക് വിധേയമാക്കിയതായി പരാതിയുണ്ട്. നഗരസഭ ചെയര്പേഴ്സൻ അടക്കം കൗണ്‍സിലര്‍മാര്‍ക്കും പൊലീസിന്റെ ഭാഗത്ത് നിന്ന് ദുരനുഭവമുണ്ടായതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.