ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ പന്തല്‍, പവിലിയൻ, ട്രാക്ക് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം ബുധനാഴ്ച തുടങ്ങും. ഇതിനുള്ള ടെൻഡറുകളില്‍ മികച്ചവയും തെരഞ്ഞെടുത്തു. അതേസമയം, വള്ളംകളി സ്റ്റാർട്ടിങ്-ഫിനിഷിങ് ഡിവൈസിന്റെ തെരഞ്ഞെടുപ്പും നീളുകയാണ്. കഴിഞ്ഞദിവസം പുന്നമടയിൽ മയൂരം ക്രൂസിസിന്റെ ഡിവൈസ് പ്രദർശിപ്പിച്ചിരുന്നു. ഇത് തെരഞ്ഞെടുക്കാൻ എൻ.ടി.ബി.ആർ സൊസൈറ്റി കമ്മിറ്റി യോഗം കലക്ടർക്ക് വിട്ടു. അതിനിടെ, ഒരാൾകൂടി ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ച മാത്രമേ അന്തിമ തീരുമാനമാകൂ.
സ്പോണ്‍സര്‍ഷിപ്പ് കണ്ടെത്താൻ നിയോഗിച്ച ഏജൻസികളുടെ യോഗവും ചേർന്നു. രണ്ട് കോടിയാണ് സ്പോണ്‍സര്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. ഈമാസം എട്ടിന് ചേരുന്ന എൻ.ടി.ബി.ആർ യോഗത്തിൽ ഇക്കാര്യങ്ങളടക്കം ചർച്ചയാകും. ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) നെഹ്റുട്രോഫി വള്ളംകളിയിൽനിന്ന് ഒഴിവാക്കുന്നത് വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
കൂടുതൽ വള്ളങ്ങൾ മത്സരിക്കുന്ന ജനകീയപങ്കാളിത്തം ഏറെയുള്ള നെഹ്റുട്രോഫിയിൽ സി.ബി.എൽ ഉൾപ്പെടുത്തിയാൽ വലിയതുക മുടക്കാൻ സ്പോൺസർമാർ സന്നദ്ധമാകും. കഴിഞ്ഞതവണ നെഹ്റുട്രോഫി ഒഴിവാക്കിയാണ് സി.ബി.എൽ മത്സരം നടത്തിയത്. അതിനാൽ സി.ബി.എൽനിന്ന് ബോണസ്, സമ്മാനത്തുക ഇനത്തിൽ 46 ലക്ഷം രൂപയാണ് ലഭിച്ചിരുന്നത്. ഇതിനൊപ്പം ഒരുകോടിയോളം ചെലവിട്ട് തയാറാക്കുന്ന വിപുലസൗകര്യവും കിട്ടിയിരുന്നു. എന്നാൽ ഇത്തവണ ഇവയൊന്നുമില്ല.
കഴിഞ്ഞതവണ നടത്തിപ്പ് രൂപ ലഭിക്കാതെ വന്നതോടെ എൻ.ടി.ബി.ആർ സൊസൈാറ്റിക്ക് 34 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. അതേസമയം, കൂടുതൽ അതിഥികളെയും കലാപരിപാടികളും ഉൾപെടുത്തിയ ഇക്കുറി വിപുലമായി വള്ളംകളി നടത്തുന്നരീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.