ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ അന്തിമവിധി പ്രഖ്യാപനം വൈകും. ഫൈനൽ മത്സരത്തിൽ വീയപുരം ചുണ്ടന്റെ ഒന്നാം സ്ഥാനമെഴിച്ച് മറ്റ് വിജയികളെ പ്രഖ്യാപിച്ചിട്ടില്ല. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിലടക്കം ആദ്യഹീറ്റ്സ് മുതൽ പരാതികൾ ഏറെയുണ്ട്. ഇതുസംബന്ധിച്ച് വള്ളസമിതിയും ക്ലബുകളും രേഖാമൂലവും അല്ലാതെയും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് ജൂറി ഓഫ് അപ്പീലിന്റെ പരിഗണനയിലാണ്.
എ.ഡി.എം, ജില്ല ഗവ. പ്ലീഡർ, ജില്ല ലോ ഓഫിസർ, എൻ.ടി.ബി.ആർ എക്സിക്യൂട്ടിവ് അംഗങ്ങളായ സി.കെ സദാശിവൻ, ആർ. കെ. കുറുപ്പ് എന്നിവരടങ്ങുന്ന ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ യോഗം ചേർന്ന് തെളിവെടുപ്പും അന്വേഷണവും പൂർത്തിയാക്കിയശേഷം മാത്രമേ അന്തിമവിധി പ്രഖ്യാപിക്കൂ. ഇതിന് കാലതാമസം നേരിടും. ഇത്രയും നാൾ ബോണസ് തടഞ്ഞുവെക്കരുതെന്നാണ് എൻ.ടി.ബി.ആർ സൊസൈറ്റിയുടെ തീരുമാനം.
അതിനാൽ മത്സരത്തിൽ പരാതികളും ആക്ഷേപണങ്ങളും ഉന്നയിക്കാത്ത വള്ളങ്ങൾക്ക് ആദ്യം ബോണസ് നൽകും. മറ്റ് വള്ളങ്ങളുടെ കാര്യത്തിൽ അധികൃതർക്ക് ലഭിച്ച പരാതികളിൽ തീർപ്പാക്കിയശേഷം മാത്രമാകും ബോണസ് നൽകുക. വള്ളംകളിയുടെ അമ്പയർ, നീരിക്ഷകർ എന്നിവർ മത്സരവിജയികളെ സംബന്ധിച്ച റിപ്പോർട്ട് നൽകിയിട്ടില്ല. ഇവർ വിജയികളുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് അറിയുന്നത്. റിപ്പോർട്ട് ലഭിച്ചാലുടൻ ബോണസ് വിതരണം ആരംഭിക്കും.
മത്സരശേഷം 48 മണിക്കൂറിനുള്ളിൽ വള്ളങ്ങൾക്ക് ബോണസ് നൽകാനുള്ള ചരിത്രപരമായ നീക്കമാണ് സംഘാടകർ ഇത്തവണ നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബോണസ് വിതരണം തുടങ്ങേണ്ടതായിരുന്നു. എല്ലാവരുടെയും മത്സരഫലം പൂർണമായി ലഭിച്ചശേഷം മാത്രം മതി ബോണസ് വിതരണമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പരാതി ഉയർന്നവരുടെ മാത്രം തടഞ്ഞുവെക്കാനാണ് പീന്നീട് തീരുമാനിച്ചത്.
രണ്ട് മുതൽ നാലുവരെ സ്ഥാനങ്ങളിലെത്തിയ വള്ളങ്ങൾ ചട്ടലംഘനം നടത്തിയോയെന്നാണ് പ്രധാനമായും ജൂറി ഓഫ് അപ്പീൽ കമ്മിറ്റി പരിശോധിക്കുന്നത്. ഇവർ അയോഗ്യരായാൽ പിന്നീടുള്ള വള്ളങ്ങൾക്ക് സ്ഥാനക്കയറ്റം നൽകും. നിലവിൽ ചുണ്ടൻവിഭാഗത്തിൽ ഒന്നാംസ്ഥാനം മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു വിജയി. നെഹ്റുട്രോഫി വള്ളംകളിയിൽ ആദ്യ ഒമ്പത് സ്ഥാനത്ത് എത്തുന്ന വള്ളങ്ങൾക്കാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) യോഗ്യത കണക്കാക്കുന്നത്. ചുണ്ടനുകളുടെ സ്ഥാനം മാറി മറിഞ്ഞാൽ പ്രമുഖ ക്ലബ്ബുകൾക്കുപോലും സി.ബി.എല്ലിൽ പങ്കെടുക്കാൻ കഴിയുമോയെന്ന ആശങ്കയുണ്ട്.
ഇത്തവണ വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപന കുതിച്ചുയർന്നു. മൂന്ന് സ്വകാര്യബാങ്കുകൾ വഴി 18.86 ലക്ഷം രൂപയുടെ വിൽപനയാണ് ഓൺലൈനിലൂടെ മാത്രം നേടിയത്. നേരിട്ടുള്ള ടിക്കറ്റ് വിൽപനയിലും ഇത്തവണ വലിയ വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിവിധ ജില്ലകളിൽനിന്നടക്കം വിറ്റഴിച്ച ടിക്കറ്റുകളുടെ കണക്ക് അധികൃതർ സമാഹരിക്കുന്നതേയുള്ളു. നേരിട്ടും ഓൺലൈനിലുടെയും ഒരുകോടിയുടെ ടിക്കറ്റ് വിൽപന നടന്നിട്ടുണ്ടെന്നാണ് എൻ.ടി.ബി.ആർ പ്രതീക്ഷ.
വയനാട് ദുരന്തപശ്ചാത്തലത്തിന് പിന്നാലെ മാറ്റിവെച്ച കഴിഞ്ഞവർഷത്തെ വള്ളംകളിക്ക് 76 ലക്ഷം രൂപയാണ് ടിക്കറ്റ് വിൽപനയിലുടെ മാത്രം ലഭിച്ചത്. ഇക്കുറി മികച്ചരീതിയിലാണ് സ്പോൺസർഷിപ്പ് ലഭിച്ചത്. പരസ്യയിനത്തിൽ നിന്ന് മാത്രം രണ്ടരക്കോടിയോളം രൂപയാണ് കിട്ടിയത്. ടിക്കറ്റ് വിൽപനയും സംസ്ഥാനസർക്കാരിന്റെ ഒരുകോടിരൂപ ഗ്രാന്റും കേന്ദ്രവിനോദ സഞ്ചാര മന്ത്രാലയത്തിൽനിന്നുള്ള 50 ലക്ഷം രൂപയും കൂടിയാകുമ്പോൾ ആകെ വരുമാനം അഞ്ചുകോടി കടക്കുമെന്നാണ് പ്രതീക്ഷ. 3.78 കോടി വരുമാനവും ചെലവുമാണ് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നത്. അധികമായി ലഭിച്ച തുക എങ്ങനെ വിനിയോഗിക്കുമെന്നതടക്കമുള്ള കാര്യങ്ങളിലും ചർച്ചയും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.