ജലവേദിയായ പുന്നമടയിൽ വീയപുരം ചുണ്ടനിൽ യു.ബി.സി കൈനരി എഫ്.സി ടീം പരിശീലനം നടത്തുന്നു (ചിത്രം മനു ബാബു)

72 ജലവർഷം, ഓളപ്പോരിന് വീറും വാശിയും; കളംനിറഞ്ഞ് കന്നിയങ്കക്കാരും

ആലപ്പുഴ: ആർപ്പോ...ഇർറോ...ചങ്കുപൊട്ടുന്ന താളത്തിൽ വായ്ത്താരി മുഴങ്ങുമ്പോൾ നെഹ്റുട്രോഫി മത്സരത്തിനായി ഓളങ്ങളോട് ഏറ്റുമുട്ടുന്ന കന്നിയങ്കക്കാരായ ചുണ്ടനുകൾക്കും ആത്മവിശ്വാസം ഏറെ. പുന്നമടയിലെ ട്രാക്ക് എൻട്രിയിൽ മികച്ച സമയം കുറിച്ചാണ് പലരും കരുത്ത് തെളിയിച്ചത്. വള്ളംകളിക്ക് മുന്നോടിയായുള്ള ആവേശത്തുഴച്ചിൽ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. ഇത്രയധികം ക്ലബുകൾ ഒന്നിച്ചെത്തി മിന്നുംപ്രകടനം കാഴ്ചവെക്കുന്നത് നെഹ്റുട്രോഫി ചരിത്രത്തിലാദ്യമാണ്. ജലോത്സവപ്പോരിന് വീറും വാശിയും കൂടിയതോടെ ചുണ്ടൻവള്ളങ്ങളും ക്ലബുകളും പ്രഫഷനൽ മികവോടെയാണ് ഇക്കുറി പോരിനിറിങ്ങുന്നത്.

ആർപ്പൂക്കരയുടെ ചിറകുവിരിച്ച് ഇമ്മാനുവൽ

ജനകീയ കൂട്ടായ്മയിൽ കോട്ടയം ജില്ലയിൽ ആദ്യമായി നിർമിച്ച ആർപ്പൂക്കര ചുണ്ടന്‍റെ കന്നിമത്സരമാണ് നെഹ്റുട്രോഫി. 2024ൽ സംഘടനാപരമായ തർക്കങ്ങളെത്തുടർന്ന് എൻ.സി.ഡി.സി കുമരകം നെഹ്റുട്രോഫിയിൽ പങ്കെടുത്തില്ല. വള്ളംകളിയെ സ്നേഹിക്കുന്നവർ ചേർന്ന് 2025ലാണ് ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം രൂപവത്കരിച്ചത്. കഴിഞ്ഞവർഷം നടുവിലേപ്പറമ്പിൽ കുമരകം ചുണ്ടനിൽ പുന്നമടയിൽ കരുത്ത് തെളിയിച്ചെങ്കിലും വിജയം കൈയെത്തും ദൂരെ നഷ്ടമായി. 530 കുടുംബങ്ങളുടെ കൂട്ടായ്മയിലാണ് ആർപ്പൂക്കര ചുണ്ടന്റെ പിറവി.

ഇമ്മാനുവൽ ക്ലബ് നേട്ടം: കഴിഞ്ഞതവണ കന്നിയങ്കം മിന്നുംപ്രകടനം

പുണ്യാളനിൽ തിളങ്ങാൻ കുമരകം ടൗൺബോട്ട് ക്ലബ്

അപ്പർകുട്ടനാട്ടിൽനിന്നുള്ള രണ്ടാമത്തെ പുത്തൻചുണ്ടൻ വള്ളമാണ് പുണ്യാളൻ നിരണം. കന്നിയങ്കത്തിന് തുഴയെറിയുന്നത് നെഹ്റുട്രോഫിയിൽ വിജയചരിത്രമെഴുതിയ കുമരകം ടൗൺബോട്ട് ക്ലബാണ്. 1971ൽ രൂപവത്കരിച്ച ക്ലബ് പലതവണ പുന്നമടയെ പുളകം കൊള്ളിച്ചിട്ടുണ്ട്. 1999ലായിരുന്നു ആദ്യവിജയം. 2004, 2005, 2006, 2007 നാല് തുടർവർഷ വിജയം ഉൾപ്പെടെ ആറ് തവണയാണ് കപ്പടിച്ചത്. 2010ലും നേട്ടം ആവർത്തിച്ചു. പുതിയ വള്ളത്തിൽ ഗംഭീരവിജയം നേടാമെന്ന പ്രതീക്ഷയിലാണ് ടീമും നാട്ടുകാരും. കെ.ടി.ബി.സി നേട്ടം: വിജയം ആറ്. 1999, 2004, 2005, 2006, 2007, 2010

കന്നിയങ്കത്തിൽ കരുത്ത് കാട്ടാൻ അരോമ

ഈവർഷം നീറ്റിലിറക്കിയ പുതിയചുണ്ടനും ക്ലബും വള്ളംകളി സീസണിന് തുടക്കമിട്ട ചമ്പക്കുളം മൂലംവള്ളംകളിയിൽ കന്നികിരീടംനേടി ജലോത്സവപ്രേമികളെ ഞെട്ടിച്ചു. ആ കരുത്തിലാണ് പുന്നമടയിൽ തുഴയെറിയാൻ എത്തുന്നത്. വള്ളംകളിയിൽ ഒരു കമ്പനി നേരിട്ട് മത്സരിക്കുന്നത് ആദ്യമായാണ്. അരോമ ബിസിനസ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ കുട്ടനാടിന്‍റെ വികാരവും പ്രഫഷനലിസവും ചേർത്താണ് ടീമിനെ സജ്ജമാക്കിയത്. വിവിധ സിനിമകളിൽ തിളങ്ങിയ അഭിനേതാവ് കൂടിയായ രഞ്ജിത് സജീവാണ് ക്യാപ്റ്റൻ. അരോമ ബോട്ട് ക്ലബ് നേട്ടം: കന്നിയങ്കത്തിൽ ചമ്പക്കുളം മൂലംവള്ളംകളിയിൽ കിരീടം.

പത്തനംതിട്ടക്കായി നിരണം ചുണ്ടൻ

വള്ളംകളി പ്രേമികൾക്ക് ആവേശമായാണ് നിരണം ചുണ്ടന്‍റെ വരവ്. കഴിഞ്ഞവർഷം ഫൈനലിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഇഷ്ടംകൂടാൻ കാരണം. പത്തനംതിട്ടയിൽനിന്നുള്ള ഏകവള്ളം സ്വന്തം ക്ലബിലാണ് തുഴയെറിയാൻ എത്തുന്നത്. 2022 ചാമ്പ്യൻസ് ബോട്ട് ലീഗിൽ രണ്ടാംസ്ഥാനക്കാരായിരുന്നു. നിരണം ബോട്ട് ക്ലബ് നേട്ടം: 2022 സി.ബി.എൽ രണ്ടാംസ്ഥാനം.

കരക്കാരുടെ ആവേശമായി ചമ്പക്കുളം ചുണ്ടൻ

രണ്ട് ഹാട്രിക് ഉൾപ്പെടെ ഒമ്പത് തവണ നെഹ്റുട്രോഫിയിൽ മുത്തമിട്ട ചമ്പക്കുളം ചുണ്ടൻ കരക്കാരുടെ ആവേശമാണ്. 35 വർഷത്തെ ഇടവേളക്കുശേഷം സ്വന്തം ക്ലബാണ് തുഴയെറിയുന്നത്. 2014ലാണ് പുതിയ ചുണ്ടൻ പണിതത്. നീറ്റിലിറക്കിയ ആ വർഷം തന്നെ കപ്പടിച്ചു. യു.ബി.സി കൈനകരിയിലൂടെ 2014ലാണ് ഒടുവിൽ നെഹ്റുട്രോഫി സ്വന്തമാക്കിയത്. ചമ്പക്കുളം ചുണ്ടൻ നേട്ടം: നെഹ്റുട്രോഫിയിൽ രണ്ട് ഹാട്രിക്ക് ഉൾപ്പെടെ ഒമ്പത് തവണ കിരീടം. 1989, 1990, 1991, 1994, 1995, 1996, 1998, 2009, 2024.

Tags:    
News Summary - Nehru Trophy Boat Race: Fierce Battles on the Waves as Newcomer Snake Boats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.