വഴുവഴുപ്പുള്ള കയറ്റം കയറി കുഞ്ഞ് എങ്ങനെ ട്രാക്കിലെത്തി?; ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ചതിൽ ദുരൂഹത

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി കുഞ്ഞ് മരിച്ചതിൽ ദുരൂഹത. ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ് കുറ്റിക്കാട് നിറഞ്ഞ പ്രദേശത്ത് വഴുവഴുപ്പുള്ള കയറ്റം കയറി സ്വയം റെയിൽവേ ട്രാക്കിൽ അപകടസ്ഥലത്തെത്തിയത് നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വളഞ്ഞവഴി പുതുവൽ വിനീതിന്റെയും സൂര്യ ബാബുവിന്റെയും മകൻ തൃണവാണ് മരിച്ചത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. കുട്ടിയുടെ മുത്തശ്ശി കുളിക്കാൻ പോയപ്പോൾ ബന്ധുവീട്ടിൽ ഏൽപ്പിച്ചതായിരുന്നു.

ഈ വീട്ടിൽനിന്ന് കാണാതായ കുട്ടിയെ, വീട്ടിൽ നിന്ന് കുറച്ചകലെയായി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ പ്രദേശത്തെ വീടുകളിൽ നിന്ന് ചെങ്കുത്തായ ചെറിയ കയറ്റം കയറി വേണം റെയിൽവേ ട്രാക്കിലെത്താൻ. മഴ പെയ്തതിനാൽ കുട്ടിയെ കാണാതായ സമയം ഈ വഴിയിൽ നനവും വഴുക്കലും ഉണ്ടായിരുന്നു.

മുതിർന്നവർ പോലും കയറാൻ പ്രയാസപ്പെടുന്ന കയറ്റത്തിലൂടെ ചുരുങ്ങിയ സമയത്തിനകം നടന്നുകയറി കുട്ടി എങ്ങനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി എന്ന് നാട്ടുകാർ സംശയം ഉന്നയിക്കുന്നു. ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് താൻ ഓടിയെത്തിയപ്പോൾ കുഞ്ഞ് ട്രാക്കിലൂടെ നടക്കുന്നത് കണ്ടെന്നും ഞൊടിയിടിൽ പാഞ്ഞെത്തിയ ട്രെയിൻ കുട്ടിയെ ഇടിക്കുകയായിരുന്നു എന്നും സമീപവാസി പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ സംഭവത്തിലെ ദുരൂഹത ദൂരീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൈകിട്ട് ആറിന് കടന്നുപോയ പാസഞ്ചർ ട്രെയിൻ തട്ടിയാണ് കുട്ടി മരിച്ചത്. 

 അപകട സമയം മത്സ്യത്തൊഴിലാളിയായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിനെ അമ്മ സൂര്യയുടെ വീട്ടിലാണ് ഏൽപ്പിച്ചിരുന്നത്. 

Tags:    
News Summary - Mystery surrounds death of 1.5-year-old boy hit by train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.