അറസ്റ്റിലായ ടിനു തമ്പാൻ
ചാരുംമൂട്: യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ പ്രതിയായ സ്വർണ പണയ വായ്പാ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ടിനു തമ്പാനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പിയുടെ നിർദേശാനുസരണം കുറത്തികാട് എസ്.എച്ച്. ഒ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കായംകുളം റെയിൽവേ സ്റ്റേഷൻ സമീപം ബന്ധുവായ മിനി ഫിലിപ്പിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്ന് മുതൽ പ്രതികൾ ഒളിവിലായിരുന്നു. മറ്റ് പ്രതികളായ രാഹുൽ രാധാകൃഷ്ണൻ, രാധാകൃഷ്ണപിള്ള, തുടങ്ങിയ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ടിനുവിനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് സ്വർണവും പണവും നഷ്ടപ്പെട്ട നിരവിധി ആളുകൾ സ്റ്റേഷൻ പരിസരത്ത് എത്തിയിരുന്നു. ഈ മാസം മൂന്നിന് കറ്റാനം സ്വദേശിനി സുമവിനോദ് ചെങ്ങന്നുർ ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നിരവധി പരാതികൾ ഇതിനു ശേഷം ലഭിച്ചിരുന്നു. ചുനക്കര, കറ്റാനം ഭരണിക്കാവ് ഇല്ലത്തുമുക്കിലും പ്രവർത്തിക്കുന്ന ശ്രീലകം ഫിനാൻസിൽ സ്വർണപണയ വായ്പയുടെ മറവിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്.
കുറത്തികാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മൂന്നുപേരും ആളുകളുമായി അടുത്തബന്ധം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. മറ്റ് ബാങ്കുകളിൽ പണയംവച്ച സ്വർണ ഉരുപ്പടികൾ ടേക്ക് ഓവർ ചെയ്ത് കുറഞ്ഞപലിശക്ക് പണയവായ്പ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണം കൈക്കലാക്കിയാണ് തട്ടിപ്പ്. നാല് കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ഇതോടെ അമ്പതോളം പേർ പരാതിയുമായി രംഗത്തുവന്നു.
സുമയുടെ 416 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. തങ്ങള്‍ നടത്തുന്ന സ്ഥാപനമാണെന്നും പലിശനിരക്ക് കുറച്ച് പണയവായ്പ നൽകാമെന്നും തെറ്റിദ്ധരിപ്പിച്ചാണ് സ്വര്‍ണം തട്ടിയത്. പണയം എടുക്കാന്‍ ചെന്നപ്പോഴാണ് സ്ഥാപനത്തില്‍ സ്വർണം ഇല്ലെന്ന് മനസിലായത്. വിവരമറിഞ്ഞെത്തിയ മറ്റ് പണയക്കാരും പരിശോധനയില്‍ തട്ടിപ്പിനിരയായത് അറിഞ്ഞു. പണയംവച്ചപ്പോള്‍ രസീതിൽ ഒരു തുകയും സ്ഥാപനത്തിന്റെ രജിസ്റ്ററിൽ വലിയതുകയും രേഖപ്പെടുത്തിയതായി കണ്ടെത്തി.
സ്വർണപണയ വിവരം അന്വേഷിക്കാൻ ടിനു തമ്പാന്റെ വീട്ടിലെത്തിയ സുമയെ ടിനുവിന്റെ ഭർത്താവ് സജുവും, യുവമോർച്ച നേതാവ് രാഹുൽ രാധാകൃഷ്ണനുംചേർന്ന് മർദിച്ചെന്ന് കാണിച്ച് പരാതിയിൽ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. കരിമുളയ്ക്കൽ സ്വദേശിനി സുബീനയുടെ 112 ഗ്രാം സ്വർണമാണ് തട്ടിയത്. കരിമുളയ്ക്കൽ സ്വദേശിനി സരസ്വതിയുടെ 32 ഗ്രാം സ്വർണവും പണയം എടുക്കാൻ ചെന്നപ്പോള്‍ കാണുന്നില്ല. സമാനമായ നിരവധി പരാതിയാണ് കുറത്തികാട് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.