ആലപ്പുഴയിൽ നടന്ന മീഡിയവൺ ഐക്യദാർഢ്യ സമ്മേളനത്തിന്റെ ഭാഗമായി ചിത്രകാരൻ തോമസ് കുര്യൻ വരച്ച തത്സമയചിത്രം മുൻമന്ത്രി ജി. സുധാകരൻ, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർ കാണുന്നു
ആലപ്പുഴ: മീഡിയവൺ ചാനലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തത്സമയം ചിത്രമൊരുക്കി ദേശീയചിത്രകാരൻ. ആലപ്പുഴ കാവാലം വെളിയനാട് പള്ളോളിവീട്ടിൽ തോമസ് കുര്യനാണ് (47) മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധ ചിത്രം പകർത്തിയത്. ആലപ്പുഴ കലക്ടറേറ്റ് ജങ്ഷനിൽ ബഹുജന അവകാശ സംരക്ഷണസമിതി സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിന്റെ ഭാഗമായി ഒരുമണിക്കൂർ സമയമെടുത്താണ് ചിത്രം പൂർത്തീകരിച്ചത്. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, മുൻമന്ത്രി ജി. സുധാകരൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിനെ അനുസ്മരിച്ച് 'മങ്കി ബാത്ത്' തലക്കെട്ടിൽ 'കാണരുത്, കേൾക്കരുത്, പറയരുത് 'കുരങ്ങുകളെയാണ് ചിത്രീകരിച്ചത്. മീഡിയവണിന്റെ നിരോധനം മാറ്റി രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷം മുഴങ്ങണമെന്ന 'ആസാദി' സന്ദേശവും കാൻവാസിൽ കുറിച്ചിരുന്നു. വര പൂർത്തിയായപ്പോൾ വിശിഷ്ടാതിഥികൾ അടക്കമുള്ളവർ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
30 വർഷമായി കലാരംഗത്ത് സജീവമായ കലാകാരനാണ് തോമസ് കുര്യൻ. നാഷനൽ ലളിതകല അക്കാദമി ഡൽഹിയിൽ നടത്തുന്ന 62ാമത് ദേശീയ എക്സിബിഷനിൽ കേരളത്തിൽനിന്ന് തെരഞ്ഞെടുത്ത രണ്ടുപേരിൽ ഒരാളാണ്.
ഈ എക്സിബിഷനിൽനിന്നാണ് ദേശീയ അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ഡൽഹിയിലെ ആർട്സ് സ്റ്റുഡിയോയിൽ ചിത്രകാരനായാണ് കലാരംഗത്തേക്ക് പ്രവേശിച്ചത്. ഡൽഹിയിലെ കൊണാട്ട് പ്ലേസ്, ഗ്രീൻപാർക്ക് എന്നിവിടങ്ങളിൽ വരച്ച ചിത്രങ്ങൾ ശ്രദ്ധേയമാണ്. ലളിതകലാ അക്കാദമിയുടെ സംസ്ഥാന ക്യാമ്പുകളിൽ നിറസാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.