പ്രതീകാത്മക ചിത്രം
ആലപ്പുഴ: പത്രിക പിൻവലിക്കാനുള്ള അവസരം കഴിഞ്ഞതോടെ മത്സര ചിത്രം തെളിഞ്ഞു. ഇനി ജനസമ്മതി തേടി സ്ഥാനാർഥികൾ ഭവന സന്ദർശനത്തിൽ വ്യാപൃതരാകും. തെരഞ്ഞെടുപ്പിന് ഇനി കൃത്യം 14 ദിവസം മാത്രം. ഈ ദിവസങ്ങൾക്കകം ആര് ജനങ്ങളുടെ മനംകവർന്നുവെന്ന് ഡിസംബർ 13ന് വ്യക്തമാകും. എല്ലാ ഡിവിഷനുകളിലും വാർഡുകളിലും ത്രികോണ മത്സരമാണ് നടക്കുക. എൽ.ഡി.എഫിനും യു.ഡി.എഫിനും ഒപ്പം എൻ.ഡി.എയും ഇത്തവണ എല്ലാ സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
അപൂർവം ചിലയിടങ്ങളിൽ മുന്നണികളുടെ സ്ഥാനാർഥികളുടെ പത്രിക തള്ളിപ്പോയിട്ടുണ്ട്. അവിടങ്ങളിൽ സ്വതന്ത്രരെയോ, ഡമ്മി സ്ഥാനാർഥികളെയോ പിന്തുണക്കുന്നതിന് അതത് മുന്നണികൾ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ രാമങ്കരി പഞ്ചായത്തിലാണ് മുന്നണി തെറ്റിയുള്ള മത്സരം നടക്കുന്നത്. ഇവിടെ എൽ.ഡി.എഫിലെ സി.പി.എമ്മും സി.പി.ഐയും വെവ്വേറെയാണ് മത്സരിക്കുന്നത്. ആറ് വാർഡുകളിൽ സി.പി.ഐ അരിവാൾ നെൽകതിർ അടയാളത്തിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. അതേ വാർഡുകളിൽ സി.പി.എമ്മിനും സ്ഥാനാർഥികളുണ്ട്.
അതോടൊപ്പം യു.ഡി.എഫിന്‍റെയും എൻ.ഡി.എയുടെയും സ്ഥാനാർഥികൾ കൂടയാകുന്നതോടെ അവിടെ ചതുഷ്കോണ മത്സരമാണ് നടക്കുക. 13 വാർഡുള്ള പഞ്ചായത്തിൽ അവർ മത്സരിക്കുന്ന ആറിടത്ത് ഒഴികെ മറ്റിടങ്ങളിൽ സി.പി.ഐ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഒരു വർഷം മുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അടക്കം സി.പി.എമ്മിലെ ആറ് അംഗങ്ങൾ കൂട്ടത്തോടെ സി.പി.ഐയിലേക്ക് ചേക്കേറിയതോടെയാണ് രാമങ്കരിയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പാർട്ടിവിട്ടവരെ സി.പി.ഐ സ്വീകരിച്ചിടം മുതൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഇവിടെ കടുത്ത ശത്രുതയിലാണ്.
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ചേർത്തല, മാവേലിക്കര നിയമസഭ മണ്ഡലങ്ങൾ ഒഴികെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 2019ലെ നിയമസഭ തെരഞ്ഞെടുപ്പിലെ 18.74 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്ക് എൻ.ഡി.എയുടെ വോട്ടുവിഹിതം എത്തിയിരുന്നു. നിലവിൽ എൻ.ഡി.എക്ക് 170 അംഗങ്ങളാണുള്ളത്. അത് 500ന് മുകളിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് അവർ നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളെല്ലാം നടത്തുന്നത് വികസനത്തെ കുറിച്ചുള്ള ചർച്ച. ഭരണ പക്ഷത്തുള്ളവർ വികസനം നടപ്പാക്കിയതിന്‍റെ പട്ടികയുമായി രംഗത്തെത്തിയപ്പോൾ നടക്കാത്തകാര്യങ്ങളുടെ പട്ടിക നിരത്തി പരിച ഒരുക്കുകയാണ് പ്രതിപക്ഷത്തുള്ളവർ. സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സ്ഥിതിഗതികളും ചർച്ച ചെയ്യപ്പെടുന്നു. മിക്കയിടത്തും സ്ഥാനാർഥികളുടെ മേന്മയാണ് വോട്ടിനുള്ള അളവുകോലാകുന്നത്. എങ്ങനെയും വോട്ടർമാരെ സ്വാധീനിക്കുന്നതിനുള്ള തന്ത്രങ്ങൾ ഇനിയാണ് പാർട്ടികൾ പുറത്തെടുക്കുക.
ഇതിനകം ഭവന സന്ദർശനങ്ങൾ നടത്തിക്കഴിഞ്ഞവർ തങ്ങൾക്ക് വോട്ടുചെയ്യുന്നവരെയും സാധ്യത കുറവുള്ളവരെയും കുറിച്ച് ധാരണയിലെത്തിക്കഴിഞ്ഞു. സാധ്യത കുറവുള്ളവരെ എങ്ങനെ സ്വാധീനിക്കാമെന്ന അടവുനയങ്ങൾ അവർ ഇനിമുതൽ പയറ്റിത്തുടങ്ങും. അതിൽ കൂടുതൽ വിജയിക്കുന്നവരാണ് അവിടത്തെ ജനപ്രതിനിധിയാകുക. മുന്നണി സ്ഥാനാർഥികൾ ബഹുഭൂരിഭാഗവും ഒന്നും രണ്ടുംവട്ട ഭവന സന്ദർശനങ്ങൾ ഇതിനകം നടത്തി. വരും ദിവസങ്ങളിൽ നേതാക്കളുടെ പര്യടനം തുടങ്ങുകയാണ്. അവരുടെ വാഗ്ധോരണികളും വോട്ടർമാരുടെ നിലപാടുകളെ മാറ്റിമറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.