യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ സംസാരിക്കുന്നു
അരൂര്‍: അരൂർ റെസിഡന്‍സി ബാര്‍ വളപ്പിൽ മത്സ്യത്തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധിച്ചു.
തൃപ്പൂണിത്തുറ എരൂര്‍ വെസ്റ്റ് പെരീക്കാട് കൃഷ്ണകൃപയില്‍ വേലപ്പന്(51) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. മൂന്ന് ദിവസം മുന്‍പ് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കുണ്ടന്നൂരിന് വന്ന വേലപ്പൻ അരൂരിലുള്ള സഹോദരിയുടെ വീട്ടിലെത്തിയതാണ്. ചൊവ്വാഴ്ച വൈകിട്ട് ഇദ്ദേഹം ബാറില്‍ എത്തി മദ്യപിച്ചിരുന്നതായി ജീവനക്കാര്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ വീണ്ടും എത്തി തിരികെ പോകവേയാണ് പുല്‍ത്തകിടിയിൽ ഇരുന്നത്. അവശനായ ഇദ്ദേഹത്തിന് വെള്ളം നല്‍കിയെങ്കിലും പൊലീസിൽ അറിയിച്ചില്ലെന്ന് ജീവനക്കാർ പറഞ്ഞു. ബാറിന്റെ കോമ്പൗണ്ടിൽ ബോധരഹിതനായി ഒരാൾ കിടക്കുന്നതറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും മരിച്ചിരുന്നു. അവശനിലയില്‍ കണ്ടയാളെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാത്തതാണ് മരണകാരണമെന്നും ഇത് ബാറുകാരുടെ അനാസ്ഥയാണെന്നും ആരോപിച്ചാണ് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അരൂർ മേഖലാ കമ്മിറ്റി അരൂർ റസിഡൻസി ബാറിലേക്ക് മാർച്ച് നടത്തി. പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ തർക്കം നടന്നു. തുടർന്ന് കൂടുതൽ പൊലീസ് സംഘത്തെ വിന്യസിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡൻറ് പി.കെ. സൂരജ്, ജില്ലാ കമ്മിറ്റി അംഗം എം.എസ് .സുധീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം ജിബി ഗോപി, മേഖലാ കമ്മറ്റി സെക്രട്ടറി രാഹുൽ ബാബു , മിഥുൻ മോഹൻ , ശരത് രാഹുൽ, രാജീവ്, ടി.കെ. ജയ്സൺ, ജിത്തു കൃഷ്ണൻ, സുജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് യുവജന സംഘം എത്തിയത്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധവും നടന്നു. വേലപ്പനെ ബാറിന്റെ പുറത്തു കിടത്തിയതല്ലാതെ ആവശ്യമായ പരിചരണങ്ങൾ കൊടുക്കാതിരുന്നതിനാലാണ് ബാറിന്റെ കോമ്പൗണ്ടിനുള്ളിൽ മരിക്കാൻ ഇടയായതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ബാർ ജീവനക്കാരുടെ അനാസ്ഥ മൂലം ഉണ്ടായ മരണത്തിൽ ബാർ ജീവനക്കാർക്ക് എതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും എക്സൈസ് കമ്മീഷണർക്കും പരാതിനൽകിയിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബി തത്തംകേരിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ വി.കെ. മജീദ്, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ, ബ്ലോക്ക് മെമ്പറായ എം.എൻ. സിമിൽ, സോജൻ ആന്റണി, നീൻസി ജോബി, ബനാം, സൗത്ത് മണ്ഡലം പ്രസിഡന്റ് അൻസാർ, നോർത്ത് മണ്ഡലം പ്രസിഡന്റ് മോഹനൻ, പി.സി. സജീവൻ, അനീഷ ബിനീഷ്, ഷമീർ, സിബീഷ്, സിജു, വിനോദ്, വിനോദ്, ജോസഫ് ഇളവന്തറ എന്നിവർ സംസാരിച്ചു. ബാറിൽ അവശ നിലയിൽ കണ്ടയാളെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാതിരുന്നത് മൂലം മരണപെട്ട വിഷയത്തിൽ എ.ആർ. ബാറുകരുടെ അനാസ്ഥ ചൂണ്ടി കാട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. വി.കെ. ഗൗരീശൻ കലക്ടർക്ക് പരാതി നൽകി. ബാറിന്റെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മരണപെട്ടയാളുടെ കുടുംബത്തിന് ബാറുടമ നഷ്ടപരിഹാരം നൽകണമെന്ന് ജെ.എസ്.എസ് ആവശ്യപ്പെട്ടു.
അരൂരിലെ ബാർ കോമ്പൗണ്ടിൽ പുൽത്തടിയിൽ
മരിച്ചുകിടക്കുന്ന വേലപ്പനെ പൊലീസ് എത്തി നീക്കിയപ്പോൾ
മരണം വീഴ്ചയിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം
അരൂര്‍: അരൂർ റെസിഡന്‍സി ബാര്‍ വളപ്പിലെ പുല്‍ത്തകിടിയില്‍ മത്സ്യത്തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയതിലെ ദുരൂഹത നീങ്ങുന്നു.
വീഴ്ചയില്‍ തലക്ക് പിന്നിലേറ്റ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൊലീസ് സര്ജന് നടത്തിയ പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമായി. തൃപ്പൂണിത്തുറ എരൂര്‍ വെസ്റ്റ് പെരീക്കാട് കൃഷ്ണകൃപയില്‍ വേലപ്പന്റെ(61) മൃതദേഹമാണ് ബുധനാഴ്ച 11.30-ഓടെ കണ്ടത്.
സംഭവത്തിന് പിന്നാലെ ഹോട്ടിലിലെ മുഴുവന്‍ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലോടെ എത്തിയ ഇദ്ദേഹം രാത്രിവരെ മദ്യപിച്ചു. ഇതിനിടെയാണ് വീണത്. പിന്നീട് ബാര്‍ പൂട്ടുന്ന സമയമായപ്പോള്‍ ജീവനക്കാര്‍ ഇയാളെ പുറത്തേക്ക് കിടത്തി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നു പറയുന്നു. ബാറിന് മുന്നില്‍ ദേശീയപാത ആയതിനാല്‍ അപകടം ഒഴിവാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ വേലപ്പന്റെ തലക്ക് പിന്നിലേറ്റ പരിക്ക് ജീവനക്കാര്‍ ശ്രദ്ധിച്ചില്ല. പൊലീസിനെ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി. മൃതദേഹം വ്യാഴാഴ്ച ഉദയംപേരൂര്‍ പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ചു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും ഹോട്ടലിനെതിരെ കേസെടുക്കുക എന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.