അർബുദ മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ഉല്പാദിപ്പിക്കാനൊരുങ്ങി കെ.എസ്.ഡി.പി
ആലപ്പുഴ: അർബുദ മരുന്നുകളുടെ ലഭ്യത വർധിപ്പിക്കാനുള്ള സംരംഭം ഏറ്റെടുക്കാനൊരുങ്ങി സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെ.എസ്.ഡി.പി. ഇതിനായി കലവൂരിലെ ഓങ്കോളജി ഫാര്‍മ പാര്‍ക്കില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം തുടങ്ങി. 231 കോടി രൂപയുടെ മൊത്തം നിക്ഷേപത്തില്‍ കലവൂരിലെ 6.38 ഏക്കര്‍ സ്ഥലത്താണ് അർബുദ മരുന്ന് ഉല്പാദന കേന്ദ്രം ആരംഭിക്കുന്നത്.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖേനയാണ് ഫണ്ട് ലഭ്യമാക്കുന്നത്. സാമൂഹിക നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്കി പ്രാരംഭഘട്ടത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള ഓങ്കോളജി ഡ്രഗ് ഫോര്‍മുലേഷനുകള്‍ നിര്‍മിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ ഡിമാന്‍ഡുള്ള 20 ഓങ്കോളജി മരുന്നുകള്‍ കമ്പനി കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ മരുന്നുകളുടെ ഉൽപാദനം നടത്താൻ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെയും (ഐ.സി.എം.ആര്) സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്‍ഗനൈസേഷനെയും (സി.ഡി.എസ്.സി.ഒ)സമീപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്ത ഓങ്കോളജിസ്റ്റുകളുമായി കമ്പനി പലവട്ടം ചര്‍ച്ച നടത്തി. അവശ്യമരുന്നുകള്‍ തിരിച്ചറിയാനും അവയുടെ ഉല്പാദനം സുഗമമാക്കാനും റീജനല്‍ കാന്‍സര്‍ സെന്ററുമായും മലബാര്‍ കാന്‍സര്‍ സെന്ററുമായും കെ.എസ്.ഡി.പി സഹകരിക്കുന്നുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ അർബുദബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് സാംക്രമികേതര രോഗങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി കൂടുതലാണ് അർബുദ പരിചരണത്തിന്റെ ചെലവ്.
കലവൂരിലെ പുതിയ ഉല്പാദന കേന്ദ്രത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ടിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി. പ്രവര്‍ത്തനസജ്ജമാകുന്നതോടെ പ്രതിവര്‍ഷം ആറുകോടി ഗുളികകളും 4.5 കോടി ക്യാപ്സ്യൂളുകളും 37 ലക്ഷം ഇന്‍ട്രാവണസ് മരുന്നുകളും നിർമിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 122 കോടി രൂപയുടെ വരുമാനം കമ്പനി നേടിയിരുന്നു. പ്രധാനമായും കോവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് സാനിറ്റൈസര്‍ നിര്‍മാണത്തിലൂടെയാണ് കമ്പനി നേട്ടം കൈവരിച്ചത്. ഈ സാമ്പത്തിക വര്‍ഷം 100 കോടി രൂപയുടെ വിറ്റുവരവാണ് കെ.എസ്.ഡി.പി ലക്ഷ്യമിടുന്നത്. കേരള സര്‍ക്കാറിന് മരുന്നുകള്‍ എത്തിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 1971ല്‍ സ്ഥാപിതമായ കെ.എസ്.ഡി.പി ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കും സ്ഥാപനങ്ങളിലേക്കും വൈവിധ്യമാര്‍ന്ന മരുന്നുകള്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.
ഒന്നര വർഷത്തിനകം പ്ലാന്റ് പൂർത്തിയാക്കി മരുന്നുൽപാദനം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഭൂമിക്ക് ചുറ്റുമതിൽ നിർമിച്ചു. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും
അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.