ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് വിദേശത്തേക്ക് കടക്കാൻ ശ്രമം; ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി

ആലപ്പുഴ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വിദേശത്തേക്ക് കടന്ന പ്രതി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. ഓൺലൈൻ ജോലിയുടെ പേരിൽ ആലപ്പുഴ നെടുമുടി സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ പാലക്കാട് തൃത്താല അങ്ങാടിയിൽ മനക്കടവത്ത് വീട്ടിൽ മുഹമ്മദ് സലീം (31) ആണ് പിടിയിലായത്. വ്യാജ ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് വീട്ടിൽ ഇരുന്നു ഓൺലൈൻ ജോലി ചെയ്ത് ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ട് വഴി 13 ലക്ഷത്തിൽപരം രൂപയാണ് വാങ്ങിയത്.

എന്നാൽ പരാതിക്കാരന് ഓൺലൈൻ ജോലി ചെയ്തതിനുള്ള പ്രതിഫലമോ അയച്ചു കൊടുത്ത പണമോ പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴും വീണ്ടും സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന പേരിൽ തട്ടിപ്പുകാർ പണം ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായതായി മനസിലായത്. തുടർന്നാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകിയത്.

ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ മുൻ ഹൗസ് ഓഫീസർ ഏലിയാസ് പി. ജോർജ്ജിന്റെ നേതൃത്വത്തിൽ പൊലീസ് പാലക്കാട് അന്വേഷണം നടത്തിയെങ്കിലും പ്രതി വിദേശത്തേക്ക് കടന്നതായി അറിഞ്ഞു. തുടർന്ന് പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.

രണ്ടു വർഷത്തോളം വിദേശത്തു കഴിഞ്ഞ പ്രതിയെ കഴിഞ്ഞ 20 ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിൽ ലുക്ക് ഔട്ട് സർക്കുലർ പ്രകാരം തടഞ്ഞു വച്ചു. ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി അനന്തലാലിന്റെ നേതൃത്വത്തില്‍ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹണി കെ.ദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സഹോദരിയെയും പ്രതി ചേർത്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ മറ്റൊരു പ്രതിയെയും മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻസി.പി.ഒ മാരായ റികാസ്. കെ, ജേക്കബ് സേവ്യർ, മിഥുൻനാഥ്.എം എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Job offer, fraud, attempt to enter abroad, online financial fraud, accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.