മണ്ണഞ്ചേരി: എട്ടു വയസുകാരിയടക്കം രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ പൊലിഞ്ഞ മണ്ണഞ്ചേരി അങ്ങാടി തോട്ടിൽ സംരക്ഷണവേലി നിർമാണം തുടങ്ങി. എസ്.ഡി.പി.ഐ ആറാം വാർഡ് ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ തോടിന് സംരക്ഷണവേലി തീർക്കുന്നത്. ഒരു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭൂരിഭാഗം പ്രവർത്തനങ്ങളും പൂർത്തിയായി. നിർമാണ പ്രവർത്തനങ്ങൾക്ക് എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് ഹാരിസ് പനക്കൽ, വാർഡ് കമ്മിറ്റി അംഗം സിറാജ് വാഴയിൽ, വാർഡ് മെമ്പർ ഹാഷ്മ നിയാസ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംരക്ഷണ ഭിത്തി ഇല്ലാത്തതിനെ തുടർന്ന് അഞ്ചു മാസത്തിനിടെ ഇവിടെ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്.
മണ്ണഞ്ചേരി ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി പഞ്ചായത്ത് ആറാം വാർഡ് ഉടുമ്പിത്തറ ബിസ്മില്ല മൻസിലിൽ സുഹൈൽ -ഷാഹിദ ദമ്പതികളുടെ മകൾ നഫീസത്തുൽ മിസ്രിയ ആണ് കഴിഞ്ഞ ആഴ്ച മരിച്ചത്. മണ്ണഞ്ചേരി ജങ്ഷന് കിഴക്ക് വാഴയിൽ ഭാഗത്തായിരുന്നു ദാരുണ സംഭവം. വീടിന് സമീപത്തെ റോഡിൽ സൈക്കിൾ ചവിട്ടി കളിക്കുന്നതിനിടെ സംരക്ഷണ ഭിത്തിയില്ലാത്ത തോട്ടിലേക്ക് സൈക്കിളുമായി വീണായിരുന്നു എട്ട് വയസുകാരിയുടെ ജീവൻ പൊലിഞ്ഞത്. കഴിഞ്ഞ മാർച്ചിലാണ് ഇതേ തോട്ടിൽ ചിറപ്പുറത്ത് അനസിന്റെ മകൻ ഐസാന്റെ ജീവിതവും നഷ്ടമായത്. അങ്ങാടി തോട് കടന്ന് പോകുന്ന പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകളിലെ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയോ, ബാരിക്കേഡോ നിർമിച്ച് സുരക്ഷിതമാക്കണമെന്നത് നാട്ടുകാരുടെ ആവശ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.