ആലപ്പുഴ: നഗരത്തിലെ ജ്വല്ലറി മോഷണത്തിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. നോർത്ത് സ്റ്റേഷനിൽ രണ്ട് ഗ്രൂപ്പുകളും ജില്ല പൊലീസ് മേധാവിയുടെ ടീമിൽ ഉൾപ്പെട്ട സംഘവും ഉൾപ്പെടെ മൂന്നുവിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശം കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണശേഷം ഇരുചക്രവാഹനത്തിൽ മോഷ്ടാക്കൾ ഏറെനേരം നഗരത്തിലും സമീപ റോഡുകളിലും കറങ്ങി നടന്നെന്ന് സി.സി.ടി.വി ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്. രാത്രിയായതിനാൽ ഇതിന്റെ ദൃശ്യങ്ങൾ വ്യക്തമല്ല. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പൊലീസ് പ്രതിയെ പിന്തുടരാതിരിക്കാനുള്ള തന്ത്രമാണിതെന്നാണ് വിലയിരുത്തൽ. നഗരത്തിന് പിന്നാലെ ദേശീയപാതയിൽ ചേർത്തല വരയെുള്ള മേഖലകളിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. പ്രതികൾ വസ്ത്രം മാറിയതിനാലും സഞ്ചരിച്ച ബൈക്ക് തിരിച്ചറിയാനാകാത്തതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ച രണ്ടിന് മുല്ലക്കൽ അമ്മൻകോവിലിന് സമീപത്തെ എം.പി ഗുരുദയാലിന്റെ ഉടമസ്ഥതയിലുള്ള ഗുരു ജ്വല്ലറിയിലായിരുന്നു മോഷണം.
ജ്വല്ലറിയുടെ ഓട് ഇളക്കി അകത്തുകടന്ന് എട്ട് കിലോയുടെ വെള്ളി ആഭരണങ്ങളും സ്വർണം പൊതിഞ്ഞ ആറു ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങളുമാണ് മോഷ്ടിച്ചത്. ഏകദേശം 13 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. കടയുടെ പുറകിലൂടെ എത്തിയ മോഷ്ടാവ് സീലിങ് പൊളിച്ചാണ് അകത്ത് കടന്നത്.
ആലപ്പുഴ ഡിവൈ. എസ്.പി. എം.ആർ. മധുബാബു, നോർത്ത് എസ്.എച്ച്.ഒ സജീവ് കുമാർ, എസ്ഐമാരായ അനീഷ് കെ. ദാസ്, ദേവിക, സുഭാഷ്, ഗിരീഷ്, ബിനുകുമാർ, ബിനു കൃഷ്ണൻ, ബിജുമോൻ, ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.