ജീവിതത്തിലെ വേദനക്ക് പരിഹാരം കണ്ടെത്താൻ സഹായിച്ച കെ.എഫ്. തോബിയാസുമായി ഉഷ ജോസഫ് വിവരങ്ങൾ പങ്കിടുന്നു
അമ്പലപ്പുഴ: കത്രികക്കുരുക്കിലെ വേദനയുടെ ലോകത്തുവ5നിന്നും സാന്ത്വനത്തിന്റെ ചിറകിൽ പറന്നിറങ്ങിയതിന്റെ സന്തോഷത്തിലാണ് ഉഷ.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ട്ടർമാരുടെ അനാസ്ഥയിൽ അഞ്ച് വർഷമായി വേദനയുടെ കയ്പ് നീരുനുണഞ്ഞ് ദിനരാത്രങ്ങൾ തള്ളിനീക്കിയ കുടുംബത്തിന് കിട്ടിയത് പുതുജീവിനാണെന്നാണ് വീട്ടമ്മയും ബന്ധുക്കളും പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായ വയോധികയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക എറണാകുളത്തെ അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ശേഷം വീട്ടിലെത്തിയ പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷ ജോസഫ് (59) ഇനിയുള്ള ദിവസങ്ങൾ വിശ്രമത്തിലാണ്. ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് ഉഷയെ മകൻ ഷിബിനും ബന്ധുക്കളും ചേർന്ന് സ്വകാര്യ ആംബുലൻസിൽ വീട്ടിലെത്തിയത്.
ചികിത്സാപ്പിഴവിൽ വയറ്റിൽ കുരുങ്ങിയ കത്രികയുമായി അഞ്ചു വർഷമായി ജീവിതം തള്ളിനീക്കുന്നതിനിടെ കഴിഞ്ഞദിവസം ആലപ്പുഴയിലെ യൂറോളജി വിഭാഗം ഡോക്ടർ നടത്തിയ പരിശോധനയിലാണ് രോഗവിവരം അറിയുന്നത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ട്ടർമാർ പറഞ്ഞെങ്കിലും അവിടെ ചികിത്സ വേണ്ടെന്ന നിലപാടിലായിരുന്നു ഉഷയും കുടുംബവും. എന്നാൽ, സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനുള്ള നിവൃത്തിയും ഇവർക്കുണ്ടായിരുന്നില്ല. വിവരം പുറംലോകം അറിഞ്ഞതോടെ ഇവർക്കുവേണ്ട ചികിത്സ സൗകര്യം കെ.സി. വേണുഗോപാൽ എം.പി അമൃത ആശുപത്രിയിൽ തരപ്പെടുത്തി കൊടുക്കുകയായിരുന്നു.
കഴിഞ്ഞ 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉഷ 22ന് നടത്തിയ ശസ്ത്രക്രിയയിൽ കത്രികപ്പൂട്ടിന്റെ വേദനയിൽനിന്ന് മോചിതയായി. ചികത്സ കഴിഞ്ഞ് ഉഷ വരുമെന്നറിഞ്ഞ് നാട്ടുകാരും ചികിത്സാപ്പിഴവ് പുറംലോകത്തെ അറിയിച്ച പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസും എത്തിയിരുന്നു. ഉഷയുടെ ചികിത്സ ചെലവ് വഹിക്കാമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് ഉറപ്പ് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് മകൻ ഷിബിനും കെ.എഫ്. തോബിയാസും ആരോപിച്ചു.
സ്വകാര്യ സ്ഥാപനത്തിൽ ജോലിയിലായിരുന്ന ഷിബിൻ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അതും ഉപേക്ഷിക്കേണ്ടിവന്നു. മകന്റെ ഏകവരുമാനവും നിലച്ചതോടെ എന്തുചെയ്യണമെന്ന ആശങ്കയിലാണ് കുടുംബം. അടുത്ത 17ന് തുടർ പരിശോധനക്കായി ആശുപത്രിയിൽ എത്തണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് മാസമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. ശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയൊ കാരണം കണ്ടെത്താനൊ കഴിഞ്ഞില്ല. തുടര്‍ന്നാണ് കഴിഞ്ഞ മാസം 17ന് ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് എക്സ്റെ ഉള്‍പ്പെടെയുള്ള പരിശോധനക്ക് കുറിച്ച് നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്.
രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചു. ആശുപത്രിയിൽ ഒ.പിയിൽ നടത്തിയ പരിശോധനയിൽ ചികിത്സാപ്പിഴവുണ്ടെന്ന് മനസിലാക്കിയ ഡോക്ടമാർ അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പൊലീസില്‍ രാത്രിയോടെ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.