ആലപ്പുഴ: പോക്കറ്റിൽ സംതിങ് എത്രയുണ്ടാകും എന്നതാണ് വിഷയം. പുത്തനില്ലാതെ മെംബറാകാൻ മോഹിച്ചാൽ നടക്കില്ല. സ്ഥാനാർഥിത്വം ഒപ്പിക്കൽ മുതൽ വിജയശ്രീലാളിതരാകുന്നതുവരെ പോക്കറ്റിന്റെ കനം ആശ്രയിച്ചാണ്. സീറ്റ് കിട്ടാതെ കയറെടുക്കുന്നവരെ കുറിച്ചാണ് ഇപ്പോൾ ചർച്ച. കയറെടുക്കുന്നവർക്ക് കാര്യമറിയുമോ എന്നാണ് ത്യാഗികളുടെ സംശയം. സീറ്റ് ഒപ്പിച്ച് ജയിച്ചുകയറണമെങ്കിൽ ചെലവഴിക്കേണ്ടി വരുന്ന സംതിങ് കുറച്ചൊന്നുമല്ല. എതിരാളിക്കൊപ്പം കട്ടക്ക് പിടിച്ച് നിൽക്കണമെങ്കിൽ പോലും ഒരു വാർഡിൽ കുറഞ്ഞത് ഒരു ലക്ഷം ചെലവ് വരും. ജയം ഉറപ്പിക്കണമെങ്കിൽ പിന്നെയും വേണം ആയിരങ്ങൾ.
‘ജയിച്ചാലും കാര്യമായൊന്നും കിട്ടത്തില്ലെന്നേയ്....’ എന്നാണ് പഴയ ഒരു മെംബർ സ്വകാര്യം പറഞ്ഞത്. ജയിച്ചാലും പ്രതിപക്ഷമായാൽ പോക്കറ്റിൽ സംതിങ് തടയുന്ന പണികളൊന്നും വാർഡിൽ ലഭിക്കില്ലെന്നും ടി യാൻ പറയുന്നു. സീറ്റ് കിട്ടണമെങ്കിൽ തന്നെ ഉപരികമ്മിറ്റിയിലുള്ളവരെ ‘വേണ്ട വിധം’ കാണണം. പോസ്റ്ററടിക്കാൻ മാത്രം പതിനായിരങ്ങൾ. പിന്നെ നോട്ടീസുകൾ, അകമ്പടി സേവകർക്ക് ‘സേവ’, ഉച്ചയൂണ്, പിന്നെ കൂലി അങ്ങനെ സംതിങ് പൊയ്ക്കൊണ്ടേയിരിക്കും.
കഴിഞ്ഞതവണ പറയുന്ന ചിഹ്നത്തിൽ കുത്തുന്നതിന് 500 രൂപയായിരുന്നു വോട്ടർമാർ ഈടാക്കിയിരുന്നത്. ഇത്തവണ അവർ നിരക്ക് രണ്ട് ഇരട്ടിയോളമാക്കി കൈനീട്ടി നിൽകുകയാണത്രേ. സീറ്റ് കിട്ടാത്തതിന് കയറെടുക്കുന്നവർ ഇതൊക്കെ ബോധ്യമുള്ളവരാണോ എന്നാണ് ത്യാഗികളുടെ ചോദ്യം. ഇതൊക്കെ കൈകാര്യം ചെയ്യാൻ വിരുതുള്ളവരാണ് വീണ്ടും കുപ്പായവുമണിഞ്ഞ് പോരിനിറങ്ങുന്നതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.