ആലപ്പുഴ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിരോധിത പ്ലാസ്റ്റിക് വേട്ട പുനരാരംഭിച്ചു. അമ്പലപ്പുഴ വടക്ക്, ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് നടത്തിയ പരിശോധനയിൽ 348 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി.
43,000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഗാർബേജ് ബാഗുകൾ, പ്ലാസ്റ്റിക് സ്റ്റിക്ക്, പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂൺ, ഫോർക്ക്, സ്ട്രോ, സ്റ്റെറർ, തെർമോകോൾ, സ്റ്റെറോഫോം കൊണ്ടുള്ള അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് കോട്ടഡ് തുണി, പി.വി.സി ഫ്ലക്സുകൾ, 500മില്ലിയിൽ താഴെയുള്ള കുപ്പികൾ തുടങ്ങിയവയാണ് പിടികൂടിയത്.
ഹരിതകർമ സേന പ്ലാസ്റ്റിക് ശേഖരണം തുടങ്ങിയതോടെ അധികൃതർ പ്ലാസ്റ്റിക് പരിശോധന നാമമാത്രമാക്കിയിരുന്നു. ഇതോടെ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ജില്ലയിൽ വീണ്ടും വ്യാപകമായി.
ക്യാരിബാഗുകൾ ഏത് സ്ഥാപനത്തിലും ലഭിക്കുന്ന സ്ഥിതിയുണ്ട്. തെരുവുകളിൽ പ്ലാസ്റ്റിക് കവറുകളും തെർമോകോൾ ഉത്പന്നങ്ങളും ചിതറിക്കിടക്കുന്ന കാഴ്ചയാണ്. പരാതി വ്യാപകമായതോടെയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന കർശനമാക്കിയത്. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് വിവധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 218 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് പിടികൂടിയത്.
നിയമലംഘകർക്ക് ആകെ മുപ്പതിനായിരം രൂപ പിഴ ചുമത്തി. ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 130 കിലോ നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് പിടികൂടിയത്. പഞ്ചായത്ത് പരിധിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചത്. മൂന്ന് സ്ഥാപനങ്ങൾക്ക് 13,000 രൂപ പിഴ ഈടാക്കാൻ സ്ക്വാഡ് ശിപാർശ ചെയ്തു. 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി.
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ നടന്ന പരിശോധനയിൽ ഇന്റേണൽ വിജിലൻസ് ഓഫീസർ പി.പി. ഉദയസിംഹൻ, ജോയിന്റ് ബി.ഡി.ഒ എ ഗോപൻ, ജനറൽ എക്സ്റ്റൻഷൻ, ഓഫീസർ കെ.സി. അജിത്, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ ആർ. വിപിൻ ബാബു, അസിസ്റ്റന്റ് സെക്രട്ടറി നഹാസ് മുഹമ്മദ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ.എൽ. കാർത്തിക, ഹെൽത്ത് ഇൻസ്പെക്ടർ താഹിറ എന്നിവർ പങ്കെടുത്തു.
ദേവികുളങ്ങരയിൽ ജോയിന്റ് ബി.ഡി.ഒ ബിന്ദു വി. നായർ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ കെ.എസ്. വിനോദ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൻ എം.ബി. നിഷാദ്, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സന്ധ്യാകുമാരി തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് സ്ക്വാഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.