കായംകുളം നഗരത്തിലെ ഗതാഗത തിരക്ക്
കായംകുളം: ഓണവിപണിയും ഉത്സവത്തിരക്കും കാരണം കെ.പി റോഡിൽ വാഹനങ്ങളുടെ എണ്ണം കുത്തനെ ഉയർന്നതോടെ കായംകുളം നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. പൊലീസ് സ്റ്റേഷനു മുന്നിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലിന്റെ അശാസ്ത്രീയമായ പ്രവർത്തനമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് യാത്രക്കാരും വ്യാപാരികളും പരാതിപ്പെടുന്നു.
ഓണക്കാലമായതിനാൽ നഗരത്തിൽ സാധാരണയേക്കാൾ നാലിരട്ടി വാഹനങ്ങളാണ് എത്തുന്ന്. എന്നാൽ, വാഹനസാന്ദ്രതയ്ക്ക് അനുസരിച്ച് സമയക്രമം പാലിക്കാൻ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിന് സാധിക്കുന്നില്ല. സിഗ്നലിൽ ചുവപ്പു ലൈറ്റ് തെളിയുന്നതോടെ കെ.എസ്.ആർ.ടി.സി ജങ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ ജങ്ഷൻ വരെ നീളുന്ന കൂറ്റൻ വാഹനനിരയാണ് രൂപപ്പെടുന്നത്. മിനിറ്റുകളോളം വാഹനങ്ങൾ ഇഴഞ്ഞുനീങ്ങേണ്ടി വരുന്നത് നഗരത്തെ പൂർണമായും സ്തംഭിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൊലീസ് സ്റ്റേഷന് മുന്നിലെ ഓട്ടോമാറ്റിക് സിഗ്നൽ താൽകാലികമായി ഓഫാക്കണമെന്നാണ് നാട്ടുകാരുടെയും സ്ഥിരം യാത്രക്കാരുടെയും ആവശ്യം. പകരം പൊലീസിനെയോ ഹോം ഗാർഡുമാരെയോ നേരിട്ട് വിന്യസിച്ച് റോഡിലെ തിരക്കിനനുസരിച്ച് ഗതാഗതം മനുഷ്യനിയന്ത്രണത്തിൽ പുനഃക്രമീകരിച്ചാൽ കുരുക്കിന് വലിയൊരളവോളം പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓണത്തിരക്ക് അവസാനിക്കുന്നതുവരെയെങ്കിലും സിഗ്നൽ സംവിധാനത്തിൽ അടിയന്തര മാറ്റം വരുത്താൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.