കുട്ടനാടിന്‍റെ വികാരം തിരിച്ചറിഞ്ഞു; പ്രഫഷനൽ മികവിൽ കന്നിക്കപ്പടിച്ച് അരോമയുടെ തിളക്കം
ആലപ്പുഴ: കുട്ടനാടൻ ജനതയുടെ വികാരമായ ‘വള്ളംകളി’യുടെ സാധ്യത തൊട്ടറിഞ്ഞ് പ്രഫഷനൽ ടീമിനെ സജ്ജമാക്കി കന്നിയങ്കത്തിന് ഇറങ്ങിയ നെഹ്റു ട്രോഫിയിൽ മുത്തമിട്ട അരോമ ഗ്രൂപ്പിന് തിളക്കമേറെ. ഒരു കമ്പനി വൻതുക മുടക്കി ചുണ്ടൻവള്ളം പണിത് പ്രഫഷനൽ തുഴച്ചിലുകാരെ ഉൾപ്പെടുത്തി മത്സരരംഗത്തിറങ്ങുന്നത് നെഹ്റു ട്രോഫി ചരിത്രത്തിലാദ്യമാണ്. വള്ളംകളി സീസണിന് തുടക്കമിട്ട ചമ്പക്കുളം മൂലംവള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കിയതിന് പിന്നാലെയാണ് പുന്നമടയിലെ ‘ജലരാജാവ്’ പട്ടംകൂടി നെഞ്ചോടു ചേർത്തത്. ഇതിന് വേണ്ടിവന്നത് 12 മില്ലി മൈക്രോ സെക്കൻഡ് വ്യത്യാസം മാത്രമായിരുന്നു. ആതിഥേയരായ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനെയും കഴിഞ്ഞ വർഷത്തെ ജേതാക്കളായ വീയപുരം തുഴഞ്ഞ യു.ബി.സി കൈനകരി എഫ്.സിയെയും പിന്നിലാക്കിയാണ് അരോമ വിജയത്തിലേക്ക് തുഴഞ്ഞുകയറിയത്.
ഫൈനലിൽ ശ്വാസം അടക്കിപ്പിടിച്ച നാലു മിനിറ്റുകളാണ് പുന്നമടയെ ത്രസിപ്പിച്ചത്. തുടക്കം മുതൽ നാലു ചുണ്ടനുകളും ഒരുപോലെയാണ് മുന്നേറിയത്. അവസാന ലാപ്പിലായിരുന്നു അരോമയുടെ കുതിപ്പ്. അരോമ 4:23:328 മിനിറ്റിൽ വിജയവര തൊട്ടപ്പോൾ നടുഭാഗം 4.23.448 മിനിറ്റിലും വീയപുരം 4.23.770 മിനിറ്റിലും ഫിനിഷ് ചെയ്തു. ഫൈനലിൽ ഇമ ചിമ്മിയാൽ നഷ്ടമാകുന്ന കാഴ്ചയാണ് സമ്മാനിച്ചത്. ഫോട്ടോ ഫിനിഷിലൂടെയാണ് വിജയിയെ തീരുമാനിച്ചത്.
അരോമ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരുങ്ങിയ അരോമ ചുണ്ടൻ നീരണഞ്ഞത് ഈ വർഷമാണ്. കൊല്ലം സ്വദേശിയായ അരോമ ഗ്രൂപ് ചെയർമാൻ പി.കെ. സജീവാണ് അരോമ ക്ലബിന്റെ പ്രസിഡന്റ്. സജീഷ് കുറുപ്പ് (സെക്ര), അനീഷ് ജേക്കബ് (ട്രഷ) എന്നിവരാണ് നേതൃത്വം നൽകുന്ന മറ്റുള്ളവർ. കഴിഞ്ഞവർഷം കാരിച്ചാൽ ചുണ്ടന്റെ ക്യാപ്റ്റനായിരുന്ന പി.കെ. സജീവിന്റെ മകനും സിനിമ നടനുമായ രഞ്ജിത്ത് സജീവിനും കുടുംബത്തിനും വള്ളംകളിയോട് താൽപര്യമുണ്ടായതോടെ സ്വന്തമായി ചുണ്ടനും ക്ലബ്ബും സജ്ജീകരിക്കുകയായിരുന്നു.
നീറ്റിലിറക്കി 13ാമത്തെ ദിവസമാണ് ചമ്പക്കുളം മൂലം വള്ളംകളിയിലൂടെ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കിയത്. 1988ൽ യു.എ.ഇയിൽനിന്നാണ് അരോമയുടെ സംരംഭം തുടങ്ങിയത്. ബിൽഡിങ് കോൺട്രാക്ടിങ് ഹോട്ടൽസ് ആൻഡ് റിസോർട്ട്, വെൽത്ത് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് പോർട്ട് ഫോളിയോ മാനേജ്മെന്‍റ്, റിയൽ എസ്റ്റേറ്റ്, ഫിലിം ക്രിയേഷൻസ്, ഓർഗാനിക് ഫാമിങ് മേഖലയിലും അരോമ ഗ്രൂപ് കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. അഭിനേതാവ് കൂടിയായ രഞ്ജിത് സജീവാണ് ക്യാപ്റ്റൻ. ജിതിൻ വർഗീസാണ് ലീഡിങ് ക്യാപ്റ്റൻ. ബേബി ചാക്കോ ചീഫ് കോച്ചും ജിബിൻ വർഗീസ് കോച്ചുമായാണ് പുതിയ ക്ലബിനെ പരിശീലിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.