ആലപ്പുഴ ബീച്ചിൽ നിർമാണത്തിലിരുന്ന ബൈപാസ് മേൽപാലത്തിന്റെ നാല് കൂറ്റൻ ഗർഡറുകൾ തകർന്നുവീണ ഭാഗത്ത് ദേശീയപാത അധികൃതർ നെറ്റ്വലിച്ചുകെട്ടി സുരക്ഷയൊരുക്കിയപ്പോൾ
ആലപ്പുഴ: ബീച്ചിൽ നിർമാണത്തിലിരുന്ന ആലപ്പുഴ രണ്ടാം ബൈപാസ് മേൽപാലത്തിന്റെ നാല് കൂറ്റൻ ഗർഡറുകൾ തകർന്നുവീണിട്ടും ദേശീയപാത അധികൃതർക്ക് കുലുക്കമില്ല. 17നും 18നും ഇടയിലുള്ള തൂണിൽ ജനുവരി 18നാണ് 90ടൺ ഭാരമുള്ള ഗർഡറുകൾ സ്ഥാപിച്ചത്. 30അടി ഉയരത്തിൽനിന്ന് താഴേക്ക് പതിച്ച ഗർഡറുകളുടെ കമ്പി ഉൾപ്പെടെ വളയുകയും കോൺക്രീറ്റ് ചിന്നിചിതറുകയും ചെയ്തിട്ടും കാരണം എന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ആളപായമില്ലാത്ത വലിയദുരന്തത്തിന്റെ വ്യാപ്തി വലുതാണെന്ന് അറിഞ്ഞിട്ടും എൻ.എച്ച് വിഭാഗം അധികൃതർ സംഭവസ്ഥലത്തേക്ക് എത്തിയത് ഏറെ വൈകിയാണ്. തിങ്കളാഴ്ച രാവിലെ 10.50നായിരുന്നു അപകടം. ദേശീയപാത അതോറിറ്റി പ്രോജക്ട് മാനേജർ സ്ഥലത്തെത്തിയത് വൈകീട്ടാണ്. കേരളത്തിൽ എല്ലായിടത്തും ഇതേരീതിയിലാണ് പാലങ്ങൾ പണിയുന്നതെന്ന ഒഴുക്കൻ മട്ടിലെ മറുപടിയാണ് നൽകിയത്.
കാലിക്കറ്റ് എൻ.ഐ.ടി വിദഗ്ധസംഘം പരിശോധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ കാര്യത്തിലും കാര്യമായ പുരോഗതിയില്ല. എൻ.എച്ച് ആസ്ഥാനത്തുനിന്ന് തിരുവനന്തപുരം ഓഫിസിലേക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം. നടപടിക്രമം പൂർത്തിയാക്കി രണ്ടുദിവസത്തിനകം എൻ.ഐ.ടി വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് അറിയുന്നത്. നാല് കൂറ്റൻ ഗർഡറുകൾ തകർന്നുവീണത് ആലപ്പുഴ ബീച്ച് വിജയ് പാർക്കിന് സമീപത്താണ്. ഗർഡറുകൾ തകർന്നുവീണ തൂണുകൾക്ക് അപ്പുറത്തെയും ഇപ്പുറത്തെയും ഗർഡറുകൾക്ക് മുകളിൽ ചൊവ്വാഴ്ചയും തൊഴിലാളികൾ കമ്പികെട്ടുന്ന ജോലിയിലായിരുന്നു. കനത്ത വെയിലിനൊപ്പം ഇവർക്ക് സുരക്ഷയൊരുക്കാൻപോലും അധികൃതർ തയാറായില്ല. തുറവൂർ-അരൂർ ഉയരപ്പാത ഉൾപ്പെടെ നിർമിക്കുന്ന ഹരിയാന ആസ്ഥാനമായ കെ.സി.സി ബിൽഡ്കോൺ കമ്പനിയാണ് ബൈപാസ് മേൽപാലവും നിർമിക്കുന്നത്.
ബൈപാസിലെ ഗർഡർ അപകടത്തിന് പിന്നാലെ പച്ചനിറത്തിലെ നെറ്റ് വലിച്ചുകെട്ടിയുള്ള ‘സുരക്ഷ’ മാത്രം. വൻദുരന്തം തലനാഴിരക്ക് ഒഴിഞ്ഞ യാത്രാതിരക്ക് ഏറെയുള്ള ആലപ്പുഴ ബീച്ച് റോഡിലെ അപകടസ്ഥലത്താണ് നെറ്റ് വലിച്ചുകെട്ടിയിരിക്കുന്നത്. യാത്രപാടില്ലെന്ന ബോർഡും തൂക്കിയിട്ടുണ്ട്. നേരത്തെ സ്ഥാപിച്ച തൂണുകൾക്ക് ബലക്ഷയമുണ്ടോയെന്ന കാര്യത്തിൽ പരിശോധനപോലും നടത്താതെയാണിത്. വിനോദസഞ്ചാരികളടക്കം എത്തുന്ന ബീച്ചിൽ നിർമാണത്തിലിരിക്കുന്ന മേൽപാലത്തിന് താഴെയാണ് നിരവധിവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ എത്തുന്നവരും ഇതിന് താഴെയാണ് വിശ്രമിക്കുന്നത്. നാട്ടുകാരുടെ ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല.
ബൈപാസ് നിർമാണവേളയിൽ ഗർഡർ തകർച്ച തുടർക്കഥ. 2024 ജൂൺ 11ന് വനിത-ശിശു ആശുപത്രിക്ക് സമീപം കോൺക്രീറ്റ് ഗർഡർ പൊട്ടിത്തെറിച്ചിരുന്നു. ബലപരിശോധനക്കുള്ള പ്രഷർ ടെസ്റ്റിനിടെയായിരുന്നു അപകടം. സാങ്കേതികതകരാറാണ് അപകടകാരണമെന്നായിരുന്നു വിശദീകരണം. ആലപ്പുഴ ബൈപാസിലെ ആദ്യ മേൽപാലത്തിന്റെ നിർമാണത്തിനിടെയും തകരാർ സംഭവിച്ചിരുന്നു. കുതിരപ്പന്തിക്ക് സമീപത്ത് അപ്രോച്ച് റോഡിന്റെ ഭിത്തിയിൽ വിള്ളലുണ്ടായി മണ്ണ് പുറത്തേക്ക് വന്നിരുന്നു. ബൈപാസ് ഉദ്ഘാടനത്തിനു മുമ്പേ മാളികമുക്കിലെ അടിപ്പാതയിലും ചോർച്ചയുണ്ടായി. പാലത്തിലെ എക്സ്പാൻഷൻ ജോയന്റുകൾ ഇടക്ക് ഇളകിപ്പോയി കുഴി രൂപപ്പെട്ടിരുന്നു.
ബൈപാസ് മേൽപാലത്തിലെ നാലുഗർഡറുകൾ തകർന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ.ഏതാനും ആഴ്ചകളായി പണിപൂർത്തിയാക്കിയ ഗർഡറുകൾ സുരക്ഷിതമായി സ്ഥാപിച്ചതാണ്. സുരക്ഷിതമായി സ്ഥാപിക്കപ്പെട്ട ഗർഡറുകൾ നാലും ഒരുമിച്ച് നിലംപൊത്തിയത് സംബന്ധിച്ച് തദ്ദേശവാസികൾക്ക് ഏറെ സംശയങ്ങളുണ്ട്. ശാസ്ത്രീയ പരിശോധനകൾ കൂടാതെയാണ് ഈ ഗർഡറുകൾ നിർമിച്ചിട്ടുള്ളതെന്നും ആവശ്യമായ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചുണ്ടോയെന്നുമുള്ള സംശയങ്ങൾ ഏറെയാണ്.
ഒരുമിച്ച് നിലംപൊത്തിയ ഭാഗത്തെ ചെറിയ വളവ് സംബന്ധിച്ച് സാങ്കേതികകാരണമാണോയെന്ന സംശയവും പ്രദേശവാസികൾക്കുണ്ട്. മേൽപാലത്തിന്റെ നിർമാണ ഘട്ടത്തിൽ ശാസ്ത്രീയ പരിശോധനകൾക്ക് ഉന്നത ഉദ്യോഗസ്ഥന്മാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആലപ്പുഴ ബൈപാസിന്റെ ഗര്‍ഡറുകള്‍ തകര്‍ന്ന സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്കയും ഭീതിയും പരിഹരിക്കണമെന്ന് മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എ.എം നസീര്‍. നിര്‍മാണ അപാകതകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം.
ദിവസവും നൂറുകണക്കിന് ആളുകള്‍ ഒഴിവ് സമയം ചെലവഴിക്കാനായി ആലപ്പുഴ ബീച്ചിലേക്ക് എത്തുന്നുണ്ട്. സുരക്ഷിതമല്ലാത്ത നിർമാണപ്രവര്‍ത്തികള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തും. കേന്ദ്രസര്‍ക്കാരിന്റെയും ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥരുടെയും താല്പര്യങ്ങള്ക്ക് മുഖ്യപരിഗണന നല്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.സംസ്ഥാന സര്‍ക്കാറിനും പൊതുമരാമത്ത് വകുപ്പിനും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.