ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിന് മുന്നിൽ മന്ത്രി എം. ലിജുവിനുനേരെ കരിങ്കൊടി കാണിക്കുന്ന ബി.ജെ.പി പ്രവർത്തകർ
മന്ത്രി ലിജുവിനുനേരെ കരിങ്കൊടി; ആറ് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
ആലപ്പുഴ: നഗരസഭ ശതാബ്ദി മന്ദിരത്തിന് മുന്നിൽ വാഹനംതടഞ്ഞ് മന്ത്രി എം. ലിജുവിനുനേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാട്ടി. പൊലീസ് സുരക്ഷാവലയം ഭേദിച്ച് കാറിന് മുന്നിലേക്ക് ഇരച്ചെത്തിയ ആറ് ബി.ജെ.പി പ്രവർത്തകരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ബി.ജെ.പി നോർത്ത് ജില്ല വൈസ് പ്രഡിഡന്റ് അരുൺ അനിരുദ്ധൻ, മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് എസ്. സുമേഷ്, വൈസ് പ്രസിഡന്റ് പി. വിനോദ്, ഏരിയ പ്രസിഡന്റ് എസ്. അജയകുമാർ, മണ്ഡലം സെക്രട്ടറി അനീഷ് രാജ്, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് രശ്മി പുഷ്കരൻ എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.05നായിരുന്നു സംഭവം. ആലപ്പുഴ നഗരസഭാങ്കണത്തിൽ നിർമലം പുതുയുഗ ശുചിത്വകേരളം ജനകീയ കാമ്പയിൻ ജില്ലതല ഉദ്ഘാടനം നിർവഹിക്കാൻ കാറിലെത്തിയ മന്ത്രിയെ കരിങ്കൊടി കാട്ടി പ്രവശേനകവാടത്തിന് മുന്നിൽ തടയുകയായിരുന്നു. സമീപത്ത് നിലയുറപ്പിച്ച ബി.ജെ.പി പ്രവർത്തകർ പൊലീസിന്റെ അകമ്പടിയോടെയെത്തിയ വാഹനത്തിന് മുന്നിലേക്ക് മുദ്രാവാക്യം വിളിച്ച് ചാടിവീഴുകയായിരുന്നു. ബലപ്രയോഗത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇത് നേരിയ സംഘാർഷാവസ്ഥയും വാഹനതടസ്സവുമുണ്ടാക്കി.
ബലപ്രയോഗത്തിനിടെ നിലത്തുവീണ അനീഷ് രാജിന്റെ കാലിനും പിടിവലിയിൽ അരുൺ അനിരുദ്ധനും കാലിനും പുറത്തും പരിക്കേറ്റു. കരിങ്കൊടി പ്രകടനമുണ്ടാകുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് നഗരസഭ കവാടത്തിന് സമീപം നിലയുറപ്പിച്ച സ്ത്രീയടക്കമുള്ള ബി.ജെ.പി പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലെത്തി പ്രതിഷേധിച്ചത്. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കിയശേഷമാനണ് മന്ത്രിയുടെ വാഹനം അകത്ത് പ്രവേശിച്ചത്.
പൊലീസ് സ്റ്റേഷനിലെത്തിയശേഷം ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സുമേഷിനെ പൊലീസ് വാഹനത്തിൽ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി. അറസ്റ്റിലായവരെ മാവേലിക്കര മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
ആലപ്പുഴയിലെ പരിപാടിക്കുശേഷം കായംകുളം മണ്ഡലത്തിലേക്ക് തിരിച്ച മന്ത്രി ലിജുവിന് യാത്രയിലുടനീളം പൊലീസ് ശക്തമായ സുരക്ഷയൊരുക്കി. മന്ത്രിമാർക്കുനേരെ പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.