പ്രതികളായ സജീർ, ശ്രീകുമാർ, അജയഘോഷ്, ബിപിൻ
ജ്വല്ലറി ഉടമയുടെ ബാഗ് തട്ടിയെടുത്ത കേസ്; പ്രാദേശിക കോൺഗ്രസ് പ്രവർത്തകനടക്കം നാലുപേർ അറസ്റ്റിൽ
ചേർത്തല: ജ്വല്ലറി അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഉടമയെ കാറിടിച്ച് വീഴ്ത്തി ബാഗ് തട്ടിയെടുത്ത കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡ് പെരുംകുളങ്ങര വീട്ടിൽ സജീർ (45), ചേർത്തല തെക്ക് പഞ്ചായത്ത് പത്താം വാർഡ് ലക്ഷ്മിവിലാസം വീട്ടിൽ ശ്രീകുമാർ (42 ), തിരുവനന്തപുരം ഇടവ പഞ്ചായത്ത് വയൽ വീട്ടിൽ അജയഘോഷ് (34), തിരുവനന്തപുരം പെരുങ്കാവ് പേരൂർക്കൽ പഞ്ചായത്ത് 20ാം വാർഡ് ശ്രീനിലയത്തിൽ ബിപിൻ (24) എന്നിവരെയാണ് അന്വേഷണസംഘം തൃശ്ശൂർ പട്ടാമ്പിയിൽനിന്ന് പിടികൂടിയത്.
26ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. പൊന്നാംവെളിയിൽ പ്രവർത്തിക്കുന്ന സൗമ്യ ജ്വല്ലറി ഉടമയായ സലിപൻ (60) കട അടച്ച് വീട്ടിലേക്ക് പോകുമ്പോൾ കാറിലെത്തിയ സംഘം ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തിയ ശേഷം കൈവശമുണ്ടായിരുന്ന ബാഗ് പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു.
സംഭവമറിഞ്ഞയുടൻ പട്ടണക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്താനായില്ല. തുടർന്ന് കേസിൽ പ്രത്യേക ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിനൊടുവിൽ ബുധനാഴ്ച തൃശൂരിൽനിന്ന് കാറും നാല് പ്രതികളെയും പിടികൂടി. കേസിലെ മുഖ്യപ്രതി സജീർ പട്ടണക്കാട് സ്വദേശിയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകനുമാണ്.
ഇയാൾ ജ്വല്ലറിക്ക് സമീപത്തെ കടയിൽ മുമ്പ് ജോലി ചെയ്തിരുന്നയാളും ജ്വല്ലറിയുമായി അടുപ്പമുള്ളയാളുമാണ്. സജീറിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേരും. ഇതിൽ രണ്ടുപേർ സജീറിനൊപ്പം ബസ്സിൽ ജോലി ചെയ്തിരുന്നവരാണ്. ജ്വല്ലറി ഉടമ സ്ഥിരമായി രാത്രി എട്ട് മണിയോടെ കടയിലെ സ്വർണവുമായി വീട്ടിലേക്ക് പോകാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം മോഷണം ആസൂത്രണം ചെയ്തത്.
രണ്ടാഴ്ച മുമ്പ് തന്നെ സംഘം സ്ഥലത്തെത്തി കടയും ഉടമയെയും നിരീക്ഷിച്ചിരുന്നു. 26ന് തൃശൂരിൽ നിന്ന് മറ്റൊരാളുടെ വെള്ള സ്വിഫ്റ്റ് കാർ സംഘടിപ്പിച്ചാണ് സംഘം എത്തിയത്. തിരിച്ചറിയാതിരിക്കാൻ സജീർ കാറിൽ നിന്ന് മാറിനിന്നു. മറ്റ് പ്രതികൾ പൊന്നാംവെളി ഭാഗത്ത് കാത്തുനിന്ന് സജീവനെ പിന്തുടർന്ന് കാർ ഇടിപ്പിച്ച് ബാഗ് തട്ടിയെടുക്കുകയായിരുന്നു.
എന്നാൽ, ബാഗ് പരിശോധിച്ചപ്പോൾ അഞ്ച് കിലോ അരിയും കടയുടെ താക്കോൽക്കൂട്ടവും മാത്രമാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പ് കടയിൽ മോഷണം നടന്നതിനാൽ ഉടമ സ്വർണം വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കാറുണ്ടെന്നാണ് പ്രതി കരുതിയത്. ഉടമ സ്വർണം വീട്ടിൽ കൊണ്ടുപോകാറില്ലെന്നും അന്നത്തെ ബാഗിൽ വീട്ടിലേക്കുള്ള അരിയും താക്കോലും മാത്രമാണ് ഉണ്ടായിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ബാഗ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.
പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. പിടികൂടിയ പ്രതികളെ പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ സലിപനെ കാണിച്ച് അവർ തന്നെയെന്ന് ഉറപ്പ് വരുത്തി. നാലുപേരേയും സംഭവസ്ഥലത്ത് എത്തിച്ച് വ്യാഴാഴ്ച തന്നെ തെളിവെടുപ്പ് നടത്തി.
കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ജിജി ജോസഫ്, പട്ടണക്കാട് സബ്ബ് ഇൻസ്പെക്ടർമ്മാരായ ഡൊമിനിക്, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, മനു എന്നിവരും ചേർത്തല ഡി.വൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ രതീഷ്, ഗിരീഷ്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അറസ്റ്റിലായ സജീറിനു പുറമെ ഇയാളുടെ സുഹൃത്തുക്കളായ ബിബിൻ, ശ്രീകുമാർ, അജയ് ഘോഷ് എന്നിവരെയും മറ്റ് വിവിധ കേസുകളിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്നും ഡി.വൈ.എസ്.പി മഞ്ചു നാഥ് പറഞ്ഞു. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.