കായംകുളം മാർക്കറ്റിലെ ആരോപണവിധേയമായ ഇറച്ചി സ്റ്റാളുകൾ നഗരസഭ അധികൃതർ അടച്ചുപൂട്ടുന്നു
ചത്ത പശുവിനെ വിൽപനക്കെത്തിച്ച സംഭവം; രണ്ട് സ്റ്റാളുകൾ പൂട്ടി
കായംകുളം: ചത്ത പശുവിനെ വിൽപനക്കെത്തിച്ച സംഭവത്തിൽ കായംകുളം ഇറച്ചി മാർക്കറ്റിലെ രണ്ട് സ്റ്റാളുകൾ നഗരസഭ അടച്ചുപൂട്ടി സീൽ ചെയ്തു. കടയിൽ സുധീറിന്റെ ഉടമസ്ഥയിലുള്ള സ്റ്റാളുകളാണ് കൗൺസിൽ തീരുമാനപ്രകാരം അടപ്പിച്ചത്. ചത്ത പശുവിനെ കൊണ്ടുവന്ന വാഹന ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
ബുധനാഴ്ച വൈകീട്ട് ആറോടെയാണ് നഗരസഭ അധികൃതർ പൊലീസുമായി എത്തി കടകൾ പൂട്ടിയത്. രണ്ട് സ്റ്റാളുകളും ലൈസൻസില്ലാതെയാണ് പ്രവർത്തിപ്പിച്ചിരുന്നതെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇറച്ചി മാർക്കറ്റിൽ സി.സി ടി.വി നിരീക്ഷണം ഏർപ്പെടുത്താനും കൗൺസിൽ യോഗം തീരുമാനിച്ചു. സംഭവത്തിൽ യഥാസമയം നടപടിയെടുക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ചർച്ചയായി.
കേസ് രജിസ്റ്റർ ചെയ്തപ്പോൾ കുറ്റക്കാരന്റെയോ ഡ്രൈവറുടെയോ പേര് ഉൾപ്പെടുത്താതിരുന്ന പൊലീസ് നടപടിക്കെതിരെ കൗൺസിൽ ഒന്നടങ്കം പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയ സാഹചര്യത്തിൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകാൻ തീരുമാനിച്ചു. ഭക്ഷ്യസുരക്ഷ വിഷയമായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിഷയം ധരിപ്പിക്കുന്നതിൽ ആരോഗ്യ വിഭാഗത്തിന് സംഭവിച്ച വീഴ്ച കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ചത്തതും രോഗബാധിതവുമായ പശുക്കളെ മാർക്കറ്റിൽ എത്തിക്കുന്നെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിൽ തുടർനിരീക്ഷണത്തിന് സംവിധാനം ഏർപ്പെടുത്താനും ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.