ആലപ്പുഴ കല്ലുപാലത്തിന് സമീപത്തെ വാണിജ്യ കനാൽകരയിലെ വിശ്രമകേന്ദ്രം
ആലപ്പുഴ: നഗരത്തിലെ കനാൽ തീരങ്ങൾക്ക് നിറച്ചാർത്തായി സായാഹ്നവിശ്രമകേന്ദ്രങ്ങളുടെ നിർമാണം അവസാനഘട്ടത്തിൽ. വാടക്കനാലിന്റെയും വാണിജ്യകനാലിന്റെയും ഓരങ്ങളാണ് സൗന്ദര്യവത്കരിച്ച് വികസിപ്പിക്കുന്നത്. തീരം പൂർണമായും ശുചീകരിച്ചാണ് സായാഹ്ന വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നത്. വിവിധ സ്ഥാപനങ്ങൾക്ക് മുന്നിൽ സൗന്ദര്യവത്കരണം പൂർത്തിയാക്കാൻ നഗരത്തിലെ 11 കിലോമീറ്റർ കനാൽതീരമാണ് വിഭജിച്ച് നൽകിയിട്ടുള്ളത്.
ജില്ല ഭരണകൂടവും മുസ്രിസ് പദ്ധതിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അതിന്റെ പരിപാലന ചുമതലയും അതത് സ്ഥാപനങ്ങള്‍ക്കാണ്. ആലപ്പുഴ നഗരസഭ പരിപാലനത്തിന് ഏറ്റെടുത്ത കനാല്‍കരകള്‍ ഇരുമ്പുപാലം മുതല്‍ കൊത്തുവാല്‍ ചാവടി പാലം വരെയും സൗത്ത് പൊലീസ് സ്റ്റേഷന്റെ പടിഞ്ഞാറ് വശമുള്ള തെക്കുവടക്ക് കനാല്‍ കരകളുമാണ്.
പ്രാരംഭഘട്ടത്തില്‍ കണ്ണന്‍വര്‍ക്കി പാലത്തിന് കിഴക്കുവശമുള്ള കനാല്‍കര സായാഹ്നവിശ്രമ കേന്ദ്രമാക്കി മാറ്റും. ഈ പ്രദേശത്ത് മുസ്രിസിന്റെ ഭാഗമായി നിർമിച്ച ശിൽപങ്ങള് പൂര്‍ണമായും വൃത്തിയാക്കിയും പടിക്കെട്ടുകള്‍ ചായംപൂശിയും ആകര്‍ഷകമാക്കി.
സമീപമുള്ള ചുവരുകള്‍ മാലിന്യസംസ്കരണ ബോധവത്കരണ ചിത്രങ്ങള്‍ വരക്കുകയും കനാല്‍കരകള്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്ന ജോലികളും പൂര്‍ത്തീകരിച്ചു. കൊത്തുവാല്ചാവടി പാലം മുതല്‍ ഇരുമ്പുപാലം വരെയുള്ള ഭാഗങ്ങള്‍ ഓള്‍ഡ് സിറ്റി ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി പൗരാണിക രീതിയിൽ കളര്‍കോഡ് ഉപയോഗിച്ച് കെട്ടിടങ്ങളുടെ പഴമ നിലനിര്‍ത്തി മനോഹരമാക്കും.
ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകള്‍ പൂര്‍ണമായും ശുചീകരിച്ചു.നഗരസഭ സാനിറ്റേഷന്‍ വര്‍ക്കേഴ്സ്, തൊഴിലുറപ്പ് തൊഴിലാളികള്‍, യന്ത്രസംവിധാനങ്ങള്‍, മുസ്രിസ് പദ്ധതിയുടെ ഭാഗമായ തൊഴിലാളികള്‍ എന്നിവര്‍ ചേർന്നാണ് കനാൽതീരങ്ങൾ ശുചീകരിക്കുന്നത്.
ചുങ്കം പഗോഡ റിസോര്‍ട്ട് മുതല്‍ വൈ.എം.സി.എ ജങ്ഷന്‍വരെ ‘സി’ ആകൃതിയില്‍ എട്ട് കിലോമീറ്റര്‍ കനാലോരവും സൗന്ദര്യവത്കരണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
പങ്കാളിത്ത വിനോദസഞ്ചാര മാതൃതയിലാണ് പദ്ധതി നടപ്പാക്കുന്നത്. കനാല്‍ ഓരങ്ങളിലുള്ള സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് പ്രവർത്തനം. പൊതു-സ്വകാര്യ മേഖലകളില്‍നിന്ന് 15 സ്ഥാപനവും റോട്ടറി ക്ലബും ആലപ്പുഴ നഗരസഭയുമാണ് മുന്നോട്ട് വന്നിട്ടുള്ളത്. ഏറ്റെടുക്കുന്ന സ്ഥലം വികസിപ്പിച്ച് അഞ്ചുവര്‍ഷത്തേക്ക് പരിപാലിക്കാനുള്ള കരാറിലാണ് പ്രവര്‍ത്തനം തുടങ്ങുക.
സ്ഥാപനങ്ങള്‍ സി.എസ്.ആര് ഫണ്ടാണ് മുഖ്യമായും ഇതിനായി ചെലവിടുന്നത്. നഗരത്തിന്റെ ടൂറിസം സാധ്യതകൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.