സ്കൂട്ടറിലെത്തി വയോധിക സ്ത്രീകളുടെ മാല പിടിച്ചുപറിക്കൽ: പ്രതി അറസ്റ്റിൽ
ചാരുംമൂട്: മൂന്നുമാസമായി നൂറനാട് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ സ്കൂട്ടറിലെത്തി വൃദ്ധരായ സ്ത്രീകളുടെ മാല വലിച്ചുപൊട്ടിച്ച് കടന്നുകളയുന്ന പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി തൊടിയൂർ വടക്ക് മുറിയിൽ പൈതൃകം വീട്ടിൽ ബിജുവിനെയാണ് (48) നൂറനാട് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീടിനുസമീപത്തെ റോഡിൽനിന്ന പാലമേൽ പള്ളിക്കൽ മുറിയിൽ ചാത്തോത്ത് വീട്ടിൽ സരോജിനിയുടെ (90) ആറ്ഗ്രാം സ്വർണമാല കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്.
ജൂൺ 25ന് രാത്രി ഏഴിന് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ വന്നിട്ട് വീട്ടിലേക്കുപോയ നൂറനാട് നടുവിലെ മുറിയിൽ സൂര്യാലയം വീട്ടിൽ ചന്ദ്രിക ദേവിയുടെ) 20 ഗ്രാം സ്വർണമാലയും ആഗസ്റ്റ് എട്ടിന് വൈകീട്ട് ഏഴിന് വീടിനടുത്തുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻപോയ നൂറനാട് പുലിമേൽ മുറിയിൽ ലളിതഭവനം ലളിതയുടെ 15ഗ്രാം സ്വർണ മാലയും പൊട്ടിച്ചുകൊണ്ടുപോയ സംഭവങ്ങളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഈ മോഷണം പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് സമാന സംഭവമുണ്ടായി ഇയാൾ പിടിയിലായത്. അന്വേഷണത്തിൽ ഇയാൾ ഉപയോഗിച്ച വാഹനവും പ്രതിയെക്കുറിച്ച് സൂചനകളും ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അഞ്ചുമാസം മുമ്പ് കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സമാനമായ രണ്ട് കേസുകളിൽ അറസ്റ്റിലായി ജയിലായിരുന്നു. മൂന്നുമാസം മുമ്പാണ് ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. വൈകീട്ട് അഞ്ചിന് നൂറനാട് എത്തുന്ന ഇയാൾ റോഡിൽകൂടി ഒറ്റക്ക് പോകുന്ന വൃദ്ധരായ സ്ത്രീകളെ നോട്ടം ഇടുകയും അവരുടെ അടുത്തുചെന്ന് പരിചയപ്പെട്ട് ഏതെങ്കിലും വിലാസം തിരക്കി അവരുടെ മാലപൊട്ടിച്ച് കടന്നുകളയുന്നതാണ് രീതി.
ഗൾഫിൽ ജോലിയുണ്ടായിരുന്ന പ്രതി കഴിഞ്ഞ ഒരുവർഷം മുമ്പാണ് നാട്ടിലെത്തിയത്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മോഹവും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഈരീതയിൽ മാല മോഷണം നടത്തിയിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. സി.ഐ പി. ശ്രീജിത്, എസ്.ഐ നിധീഷ്, സി.പി.ഒമാരായ സിനു വർഗീസ്,രജീഷ്,ജയേഷ്, വിഷ്ണു,പ്രവീൺ, കലേഷ്,ജംഷാദ് ,മനു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.