19 വർഷമായി ദുരിതയാത്ര; സുരക്ഷിത വഴിയില്ലാതെ അംഗൻവാടി
വള്ളികുന്നം: വള്ളികുന്നം പഞ്ചായത്തിലെ കന്നിമേൽ വാർഡിലുള്ള 144ാം നമ്പർ അംഗൻവാടിയിലേക്കുള്ള യാത്രാദുരിതത്തിന് 19 വർഷമായിട്ടും പരിഹാരമായില്ല. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന അംഗൻവാടികളിലൊന്നായ ഇവിടെ സുരക്ഷിതമായ വഴിയില്ലാത്തതാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ദുരിതം സൃഷ്ടിക്കുന്നത്.
റോഡും കനാലും ഒരേ നിരപ്പിൽ സ്ഥിതിചെയ്യുന്നതിനാൽ അംഗൻവാടിയിലേക്കുള്ള യാത്ര അപകടസാധ്യത നിറഞ്ഞതാണ്. ചെറിയ കുട്ടികളുമായി എത്തുന്ന രക്ഷിതാക്കൾക്ക് ഓരോ ദിവസവും ആശങ്കയോടെയാണ് യാത്ര ചെയ്യേണ്ടിവരുന്നത്. കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന ഈ സാഹചര്യം വർഷങ്ങളായി നിലനിൽക്കുകയാണ്.
പഞ്ചായത്തിന്റെ നിലവിലെ സാമ്പത്തിക പരിമിതികൾ കാരണം ആവശ്യമായ ഫണ്ട് കണ്ടെത്തി പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് തടസങ്ങളുണ്ടെങ്കിലും കുട്ടികളുടെ സുരക്ഷയും അടിസ്ഥാനസൗകര്യ വികസനവും അവഗണിക്കാനാവില്ലെന്ന് പഞ്ചായത്ത് അംഗവും സ്ഥിരം സമിതി അധ്യക്ഷനുമായ സുഹൈർ വള്ളികുന്നം പറഞ്ഞു.
പ്രശ്നപരിഹാരത്തിന് കല്ലട ഇറിഗേഷൻ പദ്ധതി ഫണ്ട് ലഭ്യമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അംഗൻവാടിയിലേക്കുള്ള യാത്രക്ക് തടസമാകുന്ന കനാൽ കല്ലട ഇറിഗേഷൻ പദ്ധതിയുടെ പരിധിയിൽ വരുന്നതാണ്. അതിനാൽ പഞ്ചായത്തിന്റെ പരിമിതമായ ഫണ്ടിനെ മാത്രം ആശ്രയിക്കാതെ, കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഫണ്ടിൽനിന്ന് ആവശ്യമായ തുക ലഭ്യമാക്കി കനാലിന്റെ വശങ്ങളിൽ സുരക്ഷിതമായ സംരക്ഷണഭിത്തി നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നു. ഇതിനായി ബന്ധപ്പെട്ട ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനൊപ്പം മന്ത്രിതലത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നും ഗ്രാമ പഞ്ചായത്ത് അംഗം ആവശ്യപ്പെടുന്നു.
ആവശ്യമായ ഫണ്ട് അനുവദിച്ച് സംരക്ഷണഭിത്തി നിർമിക്കാനായാൽ അംഗൻവാടിയിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാനും കുട്ടികളുടെയും രക്ഷിതാക്കളുടെയും വർഷങ്ങളായുള്ള ദുരിതത്തിന് പരിഹാരം കാണാനും സാധിക്കും. 19 വർഷമായി തുടരുന്ന ദുരിതം പരിഹരിക്കാൻ മന്ത്രിതലത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.