കേരള സീനിയർ സിറ്റിസൺ ഫോറം ജില്ല സർഗവേദിയും അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ജില്ല സർഗോത്സവം ജി. സുധാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മുതിർന്ന പൗരന്മാരെ അവഗണിക്കുന്ന സമീപനം തിരുത്തണം: ജി. സുധാകരൻ
അമ്പലപ്പുഴ: മുതിർന്ന പൗരന്മാരെ പല രംഗങ്ങളിലും അവഗണിക്കുന്ന സമീപനം തിരുത്തണമെന്നും ന്യൂജനറേഷൻ കാലഘട്ടമാണെന്ന് പറഞ്ഞ് പ്രായമായവരെ തള്ളിക്കളയാതെ അവരുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണമെന്നും ജി. സുധാകരൻ എം.എൽ.എ. കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാതല സർഗവേദിയും കുഞ്ചൻ സ്മാരക സമിതിയും സംയുക്തമായി അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ തല സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രായമായവരുടെ അറിവുകളും പരിജ്ഞാനങ്ങളും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്താൻ സർക്കാറും സംഘടനകളും ഏജൻസികളും തയാറാകണം. പുതിയ കാലത്ത് ന്യൂ ജനറേഷൻ മാത്രം വിചാരിച്ചാൽ സമൂഹം മെച്ചപ്പെടുകയില്ല. മുതിർന്ന പൗരന്മാരെ പരിഗണിക്കുന്നതിനൊപ്പം ചെറുപ്പക്കാരുടെ കർമശേഷി പ്രയോജനപ്പെടുത്തണമെന്നും ജി. സുധാകരൻ പറഞ്ഞു. കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡന്റ് പ്രഫ. എൻ. ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു.
ജില്ല പ്രസിഡന്റ് എം. ശ്രീകുമാരൻ തമ്പി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പി.ആർ. പുരുഷോത്തമൻ പിള്ള, സ്മാരക സെക്രട്ടറി എസ്. പ്രദീപ്, ഡോ. നെടുമുടി ഹരികുമാർ, മുഞ്ഞിനാട് രാമചന്ദ്രൻ, കലാകാരൻ പുന്നപ്ര മധു എന്നിവർ സംസാരിച്ചു. കവിയരങ്ങ്, കഥയരങ്ങ്, ഗാനാലാപനം, തിരുവാതിര, നാടോടി നൃത്തം, ഓൾഡ് ഈസ് ഗോൾഡ് ഗാനങ്ങൾ, മാജിക് ഷോ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.