ഹരിപ്പാട്ട് രണ്ടു വയസ്സുകാരന്റെ മരണം: പട്ടിണിക്കിട്ടെന്ന് തെളിയുന്നു

ആറാട്ടുപുഴ: കേരളത്തെ ഞെട്ടിച്ച കാർത്തികപ്പള്ളിയിലെ രണ്ടു വയസ്സുകാരൻ രാഹുലിന്റെ മരണം മാതാപിതാക്കൾ പട്ടിണിക്കിട്ടത് മൂലമാണെന്ന് തെളിയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ അതാണ്‌ സൂചിപ്പിക്കുന്നത്. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വയറ്റിൽ ആഹാരം ഒന്നും ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തിയത് പട്ടിണിക്കിട്ടാണ് കുഞ്ഞ് മരിച്ചത് എന്ന സംശയം ബലപ്പെടുത്തുന്നു.

മദ്യപാനികളായ പിതാവ് രാജേഷും മാതാവ് താരയും മക്കളെ നോക്കാൻ ഒരു ശ്രദ്ധയും പുലർത്തിയിരുന്നില്ലെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. താര ഏഴാമത്തെ പ്രസവത്തിന് ആശുപത്രിയിൽ പോയതോടെ കുട്ടികളുടെ പരിചരണം പൂർണമായും അവതാളത്തിലായി. 11 വയസ്സുള്ള മൂത്ത പെൺകുട്ടിയായിരുന്നു നാല് കുട്ടികളെ പരിചരിച്ചിരുന്നത്.

ഞായറാഴ്ച രാവിലെ ആറുമണിയോടെ കുട്ടിക്ക് അനക്കമില്ലാതാകുകയും വിവരം അറിഞ്ഞ അയൽവാസികൾ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയും ചെയ്തു. കുട്ടി മരണപ്പെട്ടെന്ന് മനസ്സിലാക്കിയ രാജേഷ് ആശുപത്രിയിലേക്ക് പോകാതെ സ്വന്തം ഓട്ടോറിക്ഷയിൽ കുട്ടിയുമായി കുടുംബവീട്ടിലേക്ക് എത്തുകയായിരുന്നു. മുൻപ് മറ്റൊരു കുഞ്ഞ് മരിച്ചപ്പോഴും സംസ്കാരം നടത്തിയ അതേ വീട്ടിലേക്ക് രാഹുലിന്റെ മൃതദേഹവുമായി എത്തിയ ഇയാൾ, വിവരം മറച്ചുവെച്ച് രഹസ്യമായി സംസ്കരിക്കാൻ ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ ജനപ്രതിനിധികളും നാട്ടുകാരും ഇടപെട്ടതിനെ തുടർന്ന് കുട്ടിയുമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് പോകാൻ നിർബന്ധിതനാവുകയായിരുന്നു. തുടർന്നാണ് വിവരം പുറംലോകം അറിഞ്ഞത്.

ഇതേ ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള മറ്റൊരു കുഞ്ഞ് മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. അന്ന് താഴെ വീണു മരിച്ചെന്നാണ് പറഞ്ഞിരുന്നതെങ്കിലും, പൊലീസോ ആരോഗ്യവകുപ്പോ അറിയാതെ രഹസ്യമായാണ് ആ സംസ്കാരവും നടത്തിയത്. രണ്ടു മരണങ്ങളിലും സമാനതകൾ ഉള്ളതിനാൽ മാതാപിതാക്കളുടെ അശ്രദ്ധയും ക്രൂരതയും വ്യക്തമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

മുമ്പ് മരിച്ച കുഞ്ഞിന്റെ മരണത്തിലും വിശദമായ പുനരന്വേഷണം നടത്തണമെന്നും ഉത്തരവാദികളായ മാതാപിതാക്കൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ഞായറാഴ്ചയാണ് കാർത്തികപ്പള്ളി വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രാഹുൽ മരണപ്പെട്ടത്.

Tags:    
News Summary - Death of Two-Year-Old in Haripad: Confirmed That Child Was Starved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.