വസുമതിയുടെ സമര ഓർമക്ക് 85ന്റെ ചുറുചുറുക്ക്

ചേർത്തല: പുന്നപ്ര വയലാർ സമരചരിത്രം പറയുമ്പോൾ 85കാരിയായ സഖാവ് വസുമതിക്ക് ആവേശത്തിന്റെ ചുറുചുറുക്ക്. കടക്കരപ്പള്ളി വെളിയിൽ കുഞ്ഞമ്പു- ചിന്നമ്മ ദമ്പതികളുടെ മകളായ വസുമതിക്ക് അന്ന് അഞ്ച് വയസ്സ് മാത്രമായിരുന്നെങ്കിലും സർ സി.പിയുടെ ചേറ്റുപട്ടാളത്തിന്റെ ബൂട്ടിന്റെ ശബ്ദം കാതിൽ ഇന്നും മുഴങ്ങുന്നു. യുവാക്കളെ തെരഞ്ഞുപിടിച്ച് വളഞ്ഞിട്ടടിക്കുന്ന നേർക്കാഴ്ച വിതുമ്പലോടെയാണ് ഓർക്കുന്നത്.

പ്രദേശവാസികൂടിയായിരുന്ന സമരസേനാനിയായിരുന്ന കടക്കരപ്പള്ളി പൊള്ളയിൽ പരേതനായ പരമേശ്വരന്റെ ഭാര്യയാണ് വസുമതി. ജീവിതം മുഴുവൻ പാർട്ടിക്കുവേണ്ടി ജീവിച്ച പട്ടാളത്തെ നേരിട്ട മനുഷ്യന്റെ സഹധർമ്മിണി. പട്ടാളക്കാർ ആൺകുട്ടികളെയും ചെറുപ്പക്കാരെയും തലങ്ങും വിലങ്ങും അക്രമിക്കുമ്പോൾ പരമേശ്വരനും അതിൽ ഇരയായിരുന്നു. അമേരിക്കൻ മോഡൽ ഭരണത്തിനും ജന്മി-മുതലാളി ചൂഷണത്തിനുമെതിരെ ആലപ്പുഴയിലെ കയർ തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കാൻ ചേർത്തല, മാരാരിക്കുളം, പൊള്ളയിൽ മേഖലകളിൽനിന്ന് വളണ്ടിയർമാരെ ക്യാമ്പുകളിലേക്ക് എത്തിച്ച നേതാവ്.

ആ കാലത്തിന്റെ ഏറ്റവും വലിയ ഓർമ്മ മേനാശേരി വെടിവെപ്പാണെന്ന് വസുമതി പറയും. മേനാശേരി രക്തസാക്ഷി മണ്ഡപത്തിന് സമീപം അയ്യങ്കാട്ട് എന്നൊരു വീടുണ്ടായിരുന്നു. ആയിരം മടൽ ഓലകൊണ്ട് കെട്ടിയ അറക്കൂടും പത്തായവും നിലവറയുമൊക്കെയുള്ള വലിയ വീട്. മേനാശേരിയിൽ വെടിവെപ്പ് നടക്കുമ്പോൾ സമരഭടന്മാർ പ്രാണരക്ഷാർഥം ആ വീടിനകത്തേക്ക് ഓടിക്കയറി. കലിപൂണ്ട പട്ടാളക്കാർ വീടിന് തീ വെച്ചു. വലിയൊരു തീഗോളം ആകാശത്തോളം ഉയർന്നു. പലരും അതിനുള്ളിൽ വെന്തുമരിച്ചു.

വസുമതിയുടെ ഓർമ്മയിൽ ഇന്നും മായാത്ത മറ്റൊരു ക്രൂരതയുണ്ട്. ‘‘ഒതുങ്ങി കിടന്ന മാനസിക പ്രശ്നമുള്ള ഒരാളോട് പട്ടാളക്കാർ ഇംഗ്ലീഷിൽ എന്തോ പറഞ്ഞു. അയാൾ വേറെ എന്തോ പറഞ്ഞപ്പോൾ ക്രൂരമായി മർദ്ദിച്ചു. അതൊക്കെ കണ്ട് ഞാൻ കരഞ്ഞു. പട്ടാളക്കാർ വരുന്നുണ്ടോ എന്ന് നോക്കാൻ എന്നെ പുറത്ത് നിർത്തുന്നത് പതിവായിരുന്നു. ഞങ്ങൾ പിള്ളേരൊക്കെ പുറത്തുണ്ടാകും. ഏത് വീട്ടിലേക്കാണ് അവർ വരുന്നതെന്ന് കാണാൻ കാത്തുനിൽക്കും. ആ കാത്തുനിൽപ്പിലാണ് ഞങ്ങളുടെ ബാല്യവും യൗവനവും പോയത്.’’ വസുമതി വിതുമ്പലോടെ ഓർക്കുന്നു.

സി.പി.ഐയുടെ ചേർത്തല താലൂക്ക് കമ്മിറ്റിയിലും പിന്നീട് ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജിച്ചപ്പോൾ കടക്കരപ്പള്ളിയിലെ ആദ്യത്തെ സി.പി.ഐ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു. വി.എസ്. അച്യുതാനന്ദൻ, ടി.വി. തോമസ്, ആർ. സുഗതൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച തലമുറയിലെ ഉറച്ച ശബ്ദമായിരുന്നു അദ്ദേഹം.1998-ൽ പരമേശ്വരൻ വിട പറഞ്ഞു. സുമതി ഇപ്പോഴും സി.പി.ഐ അംഗമാണ്. തളർന്ന കൈകളിലെ ചെങ്കൊടിയുമായി പാർട്ടിയുടെ എല്ലാ പരിപാടികളിലും ആദ്യ നിരയിൽ തന്നെയുണ്ടാകും. 

Tags:    
News Summary - vasumathi memorising punnapra vayalar revolt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.