മധ്യതിരുവിതാംകൂർ ആത്മീയ ടൂറിസം സർക്യൂട്ടിന് കേന്ദ്രത്തിന്റെ പിന്തുണ

മാവേലിക്കര: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന കേന്ദ്ര തിരുവിതാംകൂർ ആത്മീയ ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിനും മാവേലിക്കര ബുദ്ധ ജങ്ഷൻ കേന്ദ്രീകരിച്ച് പ്രത്യേക പൈതൃക ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുമായി കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ ഇടപെടലിൽ തുടർനടപടികളുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. പദ്ധതികൾ സംബന്ധിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കേരള സർക്കാരിന്റെ ടൂറിസം വകുപ്പുമായി ഏകോപനം നടത്തണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് നിർദേശിച്ചു.

എം.പി സമർപ്പിച്ച നിവേദനങ്ങൾക്ക് 22ന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ജൂലൈയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര ടൂറിസം മന്ത്രിക്ക് സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 25ന് കേന്ദ്ര ടൂറിസം മന്ത്രാലയം കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കത്തയച്ചിരുന്നു. പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ കൊണ്ടുവന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു നിർദേശം. സമ്പൂർണമായ പദ്ധതിരേഖയും ആവശ്യമായ അനുമതികളും ഉൾപ്പെടുത്തി നിർദേശം സമർപ്പിക്കുന്ന മുറക്ക് കേന്ദ്ര മന്ത്രാലയം അത് പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.

മധ്യതിരുവിതാംകൂറിലെ പ്രധാന ആത്മീയ-തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം സർക്യൂട്ട് രൂപവത്കരിക്കുന്നത് മേഖലയിലെ തീർഥാടന ടൂറിസത്തിനും ചരിത്ര-സാംസ്കാരിക പൈതൃക സംരക്ഷണത്തിനും വലിയ സാധ്യതകൾ തുറക്കും. മാവേലിക്കര ബുദ്ധ ജങ്ഷനിൽ പ്രത്യേക പൈതൃക ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും പ്രദേശത്തിന്റെ ചരിത്രപ്രാധാന്യവും വിനോദസഞ്ചാര സാധ്യതകളും കണക്കിലെടുത്താണ് എം.പി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പദ്ധതികൾ യാഥാർഥ്യമാകുന്നത് പ്രാദേശിക വികസനത്തിനും തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നതിനും സഹായകമാകും.

മധ്യതിരുവിതാംകൂറിന്റെ ചരിത്രപരവും ആത്മീയവുമായ പൈതൃകത്തെ വിനോദസഞ്ചാര വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് തന്റെ നിരന്തരമായ ഇടപെടലിന്റെ ഭാഗമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി. കേന്ദ്ര തിരുവിതാംകൂർ ആത്മീയ ടൂറിസം സർക്യൂട്ടും മാവേലിക്കര ബുദ്ധ ജങ്ഷൻ പൈതൃക ടൂറിസം പദ്ധതിയും കേവലം വിനോദസഞ്ചാര പദ്ധതികളല്ല. നമ്മുടെ ചരിത്രവും സംസ്കാരവും സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന വികസന പദ്ധതികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Union Minister Gajendra Singh Shekhawat Seeks DPR for Central Travancore Spiritual Circuit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.