ട്രോളിങ് പ്രതീക്ഷയില്‍ പുതിയ വലകള്‍ ഒരുക്കിയും അറ്റകുറ്റപ്പണികളും നടത്തുന്ന തൊഴിലാളികള്‍
അമ്പലപ്പുഴ: കടലില്‍ മത്സ്യബന്ധനത്തിന് ട്രോളിങ് നിരോധനം പ്രാബല്യത്തില്‍. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനമുള്ളത്. കടലിന്റെ അടിത്തട്ടിളക്കിയുള്ള ട്രോളര്വല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് നിരോധനം. ബോട്ടുകൾ കരക്കുകയറുന്നതോടെ ചാകരസമയത്ത് പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് നല്ലവില കിട്ടുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത വള്ളം ഉടമകളും പണിയെടുക്കുന്ന തൊഴിലാളികളും. കഴിഞ്ഞ കുറച്ച് നാളുകളായി വറുതി മൂലം നട്ടം തിരിയുകയാണ് മത്സ്യതൊഴിലാളികൾ. എങ്കിലും ചാകര തെളിഞ്ഞാൽ വള്ളമിറക്കുന്നതിനുള്ള തയാറെടുപ്പിലാണ് വള്ളമുടമകൾ.
ലെയ് ലൻറ്, ബീഞ്ച്, ഡിസ്കോ വള്ളങ്ങൾക്ക് ട്രോളിങ് ബാധകമല്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുള്ളത് ട്രോളിങ് സമയങ്ങളിലാണ്. ചാകര തെളിഞ്ഞാൽ വള്ളമിറക്കാനുള്ള തയാറെടുപ്പിലാണ് വള്ളമുടമകൾ. പരമ്പരാഗത മത്സ്യതൊഴിലാളികൾ ട്രോളിങ് പ്രതീക്ഷയില്‍ പലരും പുതിയ വളളങ്ങൾ കടലിൽ ഇറക്കാൻ കാത്തിരിക്കുകയാണ്. ലക്ഷങ്ങൾ കടം വാങ്ങിയാണ് വളളവും വലയും തരപ്പെടുത്തിയിട്ടുളളത്. കൂടാതെ പഴയവളളങ്ങൾ മാസങ്ങളോളം കരക്ക് കയറ്റിവെച്ച് അറ്റകുറ്റപ്പണികൾ നടത്തിയും വലകളിലെ പോരായ്മകള്‍ നെയ്തെടുത്തും ചാകരയുടെ വരവും കാത്തിരിക്കുകയാണ്.
ചൂട, താങ്ങ്, നീട്ട്, എച്ച്.എം, വലയോട്ട, അടിവല തുടങ്ങിയ വലകളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്നത്. വലകൾക്ക് 500 മുതൽ 700 ഭാഗം വരെ നീളവും 60 ഭാഗം വരെ ഇറക്കവുമാണുള്ളത്. ദിവസങ്ങളോളം കൂട്ടമായി ഇരുന്നാണ് വലകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്. ഇൻബോർഡ് വളളങ്ങൾ ഉൾപ്പെടെയുളള എല്ലാവളളങ്ങൾക്കും മത്സ്യബന്ധനം നടത്താം. എന്നാല്‍ ഒരു കാരിയര്‍ വള്ളം മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളു.
ചെറിയ ഒരു വള്ളം കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തുമ്പോൾ 6000 രുപയോളം ഇന്ധന ചെലവ് മാത്രം വരും. ലെയ്ലന്റ് ഇനത്തിൽ പെട്ട വള്ളമാകുമ്പോൾ തുക ഇരട്ടിയിലധികമാകും. ഇതേ രീതിയിൽ പ്രതീക്ഷയിൽ കടലിലിറക്കിയ പല വള്ളങ്ങൾക്കും പൊടിമീൻ പോലും കിട്ടാതായിട്ടുണ്ട്. മീന്‍ കിട്ടിയില്ലെങ്കിലും തൊഴിലാളികള്‍ക്ക് ബാറ്റ നല്‍കുകയും വേണം. ഇങ്ങനെ വൻകടക്കെണിയിലായിരിക്കുകയാണ് പല വള്ളം ഉടമകളും. എങ്കിലും ഇത്തവണ ട്രോളിങ് സമയം പ്രതീക്ഷകൾക്ക് ഫലം കാണുമെന്ന വിശ്വാസത്തിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.
മത്സ്യസമ്പത്ത് വർധിപ്പിക്കാനും അതു വഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗ്ഗം ഉറപ്പുവരുത്തുകയും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനവ് നടപ്പാക്കാനും ഉദ്ദേശിച്ച് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് ട്രോളിങ് നിരോധനം. 1988 ലാണ് സർക്കാർ ഈ നിരോധനം നടപ്പാക്കിയത്. തുടർന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തിൽ നിന്നൊഴിവാക്കുന്ന കേരള വർഷകാല മത്സ്യബന്ധന സംരക്ഷണനിയമം 2007ൽ ആണ് നിലവിൽ വന്നത്. ചാള, അയല തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനസമയമായ മൺസൂൺ കാലത്താണ് ഈ നിരോധനം ഏർപ്പെടുത്തുക. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരങ്ങളിൽ കൂടുതലായി ഉണ്ടാകും.
ഈ സമയത്ത് ട്രോളിങ് വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ കൂടുതലായി വലയിൽ കുടുങ്ങുകയും ഇത് കടലിലെ മത്സ്യസമ്പത്ത് കുറയുകയും ചെയ്യും. ഇതാണ് ഈ സമയത്ത് ട്രോളിങ് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം. നിരോധനകാലത്ത് തീരത്തുനിന്ന് 22 കിലോമീറ്റർ ദൂരെ വരെ മത്സ്യബന്ധനം അനുവദിക്കില്ല. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഇൻബോർഡ് ഔട്ട്ബോർഡ് വള്ളങ്ങൾക്ക് ഈ നിയമം ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.