അമ്പലപ്പുഴ വടക്ക് മുക്കയില്‍ കിഴക്കുള്ള തടിപ്പാലം
അമ്പലപ്പുഴ: നൂൽപാലത്തിലൂടെയുള്ള നാട്ടുകാരുടെ യാത്രതുടങ്ങിയിട്ട് വര്‍ഷങ്ങളായി. പഴമകളെ ഓര്‍മിപ്പിക്കുന്ന ഒറ്റത്തടിപ്പാലങ്ങള്‍ കാലം മറന്നെങ്കിലും വികസനം ഇന്നും എത്തിപ്പെടാതെ ദുരിതം അനുഭവിക്കുകയാണ് ഒരു ഗ്രാമം.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് മുക്കയിൽ ആറ്റുതീരത്തെ നിരവധി കുടുംബങ്ങളാണ് പുറം ലോകത്തെത്താൻ വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. 10, അഞ്ച് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം തടിയും ഇരുമ്പും കൊണ്ട് വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ നിർമിച്ചതാണ്. യാത്രാദുരിതം ഏറെയുള്ള ഇവിടെ നല്ല ഒരു പാലം നിർമിക്കാൻ ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും മാറി മാറി വന്ന സർക്കാറുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടില്ല. വികസനത്തിന്‍റെ പേരിൽ ലക്ഷങ്ങളും കോടികളും ചെലവഴിക്കുമ്പോൾ ജീവൻ പണയംവെച്ച് വിദ്യാർഥികൾ ഉൾപ്പെടെ തടിപ്പാലത്തിലൂടെ യാത്ര ചെയ്യുന്നത് ദുരിതക്കാഴ്ചയാകുന്നു. തകർന്നടിഞ്ഞ പാലത്തിലുടെ ജീവൻ പണയംവെച്ചാണ് നാട്ടുകാർ സഞ്ചരിക്കുന്നത്. പാലത്തിനായി ഉപയോഗിച്ചിരിക്കുന്ന തടികൾ ദ്രവിച്ച അവസ്ഥയിലാണ്. ഇനി മഴ ശക്തമായാൽ ഏത് നിമിഷവും ഇതിലെ തടികൾ നിലം പതിക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്.
സ്കൂൾ തുറന്നതോടെ വിദ്യാർഥികളും വലിയ ദുരിതത്തിലായി. ഇനി മഴ ശക്തമായാൽ ഇതിലൂടെ എങ്ങനെ യാത്ര ചെയ്യുമെന്ന ആശങ്കയാണിവർക്ക്. ഇരുമ്പ് പൈപ്പ് കൊണ്ട് നിർമിച്ച പാലത്തിന്റെ പല ഭാഗത്തും വിടവുള്ളതിനാൽ പാലത്തിൽനിന്ന് വെള്ളത്തിലും ചിലർ വീണിട്ടുണ്ട്. കിടപ്പ് രോഗികളായവരെ ചികിത്സക്കായി ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. സമീപത്തെ വെട്ടിക്കരി പാടശേഖരത്തെ നെൽക്കർഷകരും വലിയ ദുരിതത്തിലാണ്. റോഡ് സൗകര്യങ്ങള്‍ അന്യമായ ഇവിടെ കൊയ്ത്ത് യന്ത്രമെത്തിക്കാൻ ഇരട്ടിയിലധികം രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്. മുക്കയിൽനിന്ന് ആറ്റുതീരം വരെയുള്ള ഒരു കിലോമീറ്ററോളം ചെറിയ നടവഴി മാത്രമാണുള്ളത്. നാടെങ്ങും റോഡായിട്ടും ഇവിടെ മാത്രം ഇപ്പോഴും ചളിക്കുണ്ടിലൂടെയാണ് നാട്ടുകാര്‍ യാത്രചെയ്യുന്നത്. മഴയായാൽ ബണ്ടിലൂടെയുള്ള യാത്രയും നടക്കില്ല. തങ്ങളുടെ ഈ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരാതി നൽകാൻ ഇനി ഇടമില്ല. ഇത്തവണ പുതിയ എം.എൽ.എയും മന്ത്രിസഭയുമൊക്കെ വന്ന സാഹചര്യത്തിൽ തങ്ങൾക്ക് പുതിയ പാലം വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.