പുന്നപ്ര തെക്ക് സെന്റ് അലോഷ്യസ് സ്കൂളിന് സമീപം തീരദേശ റോഡരികില്‍ പൂത്തുനില്ക്കുന്ന കണിക്കൊന്ന
അമ്പലപ്പുഴ: കാര്‍ഷിക വിളവെടുപ്പ് വര്‍ഷപ്പിറവി അറിയിച്ച് നാടെങ്ങും കണിക്കൊന്ന പൂത്തു. മഞ്ഞപ്പട്ടില്‍ പുതച്ചപോലെയാണ് വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും കണിക്കൊന്ന പൂത്തുലഞ്ഞുനില്‍ക്കുന്നത്. സംസ്ഥാന പുഷ്പമായ കണിക്കൊന്ന കണികണ്ടാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. വിഷുക്കണിയൊരുക്കിയ ഉരുളിയിൽ പട്ടും പൊന്നും പഴങ്ങളും വാൽക്കണ്ണാടിയും താംബൂലവുമൊക്കെ ഉണ്ടാകുമെങ്കിലും ഏറ്റവും പ്രധാനം കണിക്കൊന്നയാണ്.
ഒപ്പം അധ്വാനത്തിലൂടെ നേടിയ കായ്ഫലത്തിന്റെ സ്വർണത്തിളക്കമുള്ള വെള്ളരിക്കയും കണി കണ്ടുണരുക എന്ന ആചാരം കൂടിയാണ് മേടം ഒന്ന് വിഷുദിനം. പ്രകൃതി സൗന്ദര്യത്തിന്റെ പ്രതീകമാണ് കൊന്നപ്പൂവ്. കണിവെള്ളരിക്ക കാർഷിക സമൃദ്ധിയുടെയും. വിഷുവിനു കണികാണാൻ കൊന്നപ്പൂവ് നിർബന്ധമാണ്.
കൊന്നപ്പൂവ് ശ്രീകൃഷ്ണന്റെ അരഞ്ഞാണം ആണെന്നൊരു വിശ്വാസം കൂടിയുണ്ട് ഇതിനുപിന്നിൽ. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് പൂക്കാലമെങ്കിലും കാലവും കണക്കും പരിഗണിക്കാതെ കണിക്കൊന്ന പൂക്കാറുണ്ട്. മണ്ണിലെ ജലാംശം പരിധിവിട്ട് കുറയുന്നതാണ് കണിക്കൊന്ന സമയംതെറ്റി പൂക്കുന്നതെന്നാണ് തെളിയിക്കുന്നത്. ചൂടിന്റെ വർധന കൊന്ന, പൂവിടുന്നതിനെ സ്വാധീനിക്കും. ജനുവരി- ഫെബ്രുവരി മാസങ്ങളിലും കൊന്ന പൂക്കുന്നതായി കാണാറുണ്ട്.
കണിക്കൊന്ന ഒരു ഔഷധവൃക്ഷം കൂടിയാണെന്ന് വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. കണിക്കൊന്നയുടെ തൊലി കഷായം വെച്ച് കഴിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. തളിരിലകള്‍ തൈരില്‍ അരച്ച് പുരട്ടുന്നത് ചുണങ്ങു മാറുന്നതിന് ഫലപ്രദമാണ്. പൂവ് ഉണക്കി പൊടിച്ച് പാലില്‍ സേവിക്കുന്നത് ശരീരശക്തി വർധിപ്പിക്കും. തളിരിലകള്‍ തോരനാക്കി കഴിക്കുന്നത് കുട്ടികളുടെ മലബന്ധം മാറ്റും. ഇലകള്‍ കഷായം വച്ച് കഴിക്കുന്നത് പനി, ചുമ എന്നിവക്ക് ഫലപ്രദമായ ഔഷധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.