ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രൻ ജോസ് ചെല്ലപ്പനെ മുൻനഗരസഭാധ്യക്ഷൻ
തോമസ് ജോസഫ് ഷാൾ അണിയിച്ചപ്പോൾ
ആലപ്പുഴ: ആലപ്പുഴ നഗരസഭ ഇനി യു.ഡി.എഫ് ഭരിക്കും. മംഗലംവാർഡിൽനിന്ന് വിജയിച്ച സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ ഉപാധികളോടെ പിന്തുണച്ചതോടെയാണ് നഗരസഭ ആര് ഭരിക്കുമെന്ന അനിശ്ചിതത്വം അവസാനിച്ചത്. 53 അംഗബലമുള്ള നഗരസഭയിൽ യു.ഡി.എഫിന് 23ഉം എൽ.ഡി.എഫിന് 22ഉം അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് അഞ്ചുപേരുണ്ട്. സ്വതന്ത്രന് പിന്നാലെ പി.ഡി.പി, എസ്.ഡി.പി.ഐ എന്നിവർക്ക് ഓരോ അംഗങ്ങളുമുണ്ട്. ഈസാഹചര്യത്തിൽ ആർക്കും കേവലഭൂരിപക്ഷമില്ലാത്തതിനാൽ സ്വതന്ത്രന്റെ നിലപാട് നിർണായകമായിരുന്നു.
യു.ഡി.എഫും എൽ.ഡി.എഫും പിന്തുണതേടി ജോസ് ചെല്ലപ്പനെ സമീപിച്ചതോടെ വാർഡുതലത്തിൽ രൂപവത്കരിച്ച സൗഹൃദസമിതി നഗരസഭവികസനം ലക്ഷ്യമിട്ട് അവതരിപ്പിച്ച വികസനരേഖ അംഗീകരിക്കണമെന്ന നിലപാട് സ്വകരിച്ചു. ഇത് അംഗീകരിക്കാമെന്ന് യു.ഡി.എഫ് രേഖാമൂലം ഉറപ്പുനൽകിയതോടെയാണ് പിന്തുണ പ്രഖ്യാപിച്ചതെന്ന് ജോസ് ചെല്ലപ്പൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈമാസം 26ന് നടക്കുന്ന അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്യും.
അധ്യക്ഷസ്ഥാനം വനിതസംവരണമായതിനാൽ ജോസ് ചെല്ലപ്പന് വൈസ് ചെയർമാൻപദവി നൽകിയേക്കും. അതേസമയം, നാലിടത്ത് വിജയിച്ച മുസ്ലിംലീഗ് ഒരുവർഷം നഗരസഭാധ്യക്ഷസ്ഥാനം, ഉപാധ്യക്ഷപദവി, ഒരുസ്ഥിരംസമിതി എന്നീ ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. യു.ഡി.എഫ് സ്വതന്ത്രന്റെ പിന്തുണതേടിയിട്ടും ഒരംഗമുള്ള പി.ഡി.പി നിലപാട് വ്യക്തമാക്കിയിട്ടില്ല.
നഗരസഭയുടെ വികസനം ആര് അംഗീകരിച്ചാലും അവർക്കൊപ്പം ചേരുമെന്നതായിരുന്നു ജോസ് ചെല്ലപ്പന്റെയും വാർഡിലെ സൗഹൃദസമിതിയുടെയും തീരുമാനം. യു.ഡി.എഫും എൽ.ഡി.എഫും ഭരണം പിടിക്കാൻ ഇവരുമായി ചർച്ച നടത്തിയിരുന്നു. നഗരവികസനരേഖയിൽ പ്രധാനമായും മുന്നോട്ടുവെക്കുന്നത് കായികസ്വപ്നങ്ങൾക്ക് ചിറകുവിടർത്തുന്ന ഇ.എം.എസ് സ്റ്റേഡിയത്തിന്റെ പൂർത്തീകരണമാണ്. 53വാർഡുകളിലെ കുറ്റകൃത്യങ്ങൾ തടയാനും മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ഇല്ലാതാക്കാനും പൂർണമായുള്ള സി.സി.ടി.വി നിരീക്ഷമാണ് മറ്റൊന്ന്. ഇതിനൊപ്പം ആളുകൾക്ക് സേവനം യഥാസമയം കിട്ടാൻ അധ്യക്ഷയുടെയും ഉപാധ്യക്ഷന്റെയും നേതൃത്വത്തിൽ മാസത്തിൽ രണ്ടുതവണ അദാലത്ത് നടത്തണം.
ഇതിലൂടെ വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നാണ് വിലയിരുത്തൽ. ലൈഫ് പദ്ധതിയുടെ ഭാഗമായി 2017ൽ തുടങ്ങിയ ചാത്തനാട് ഫ്ലാറ്റ് സമുച്ചയം എത്രയും വേഗം പൂർത്തിയാക്കണം. തീരദേശഹൈവേ വികസനവുമായി ബന്ധപ്പെട്ട് മംഗലം റെയിൽവേക്രോസിന് മുകളിലൂടെ മേൽപാലം വേണമെന്ന ആവശ്യവും ഇടംപിടിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ജോസിന്റെ പിതാവ് ചെല്ലപ്പൻ, വാർഡ് സൗഹൃദസമിതി അംഗങ്ങളായ അനിൽ, ജോസ്, മണിക്കുട്ടൻ, ജോണി, ദിലീപ്, ശരത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.