കൈപിടിച്ച് ആലപ്പുഴ; നഗരസഭകളിലും പഞ്ചായത്തുകളിലും യു.ഡി.എഫിന് വൻ മുന്നേറ്റം

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ നഗരസഭകളിലും പഞ്ചായത്തുകളിലും യു.ഡി.എഫിന്‍റെ സമ്പൂർണ ആധിപത്യം. ജില്ലയിലെ ആറ് നഗരസഭകളിൽ നാലിടത്ത് യു.ഡി.എഫ് മുന്നേറിയപ്പോൾ രണ്ടിടത്ത് മാത്രമാണ് എൽ.ഡി.എഫിന് ലീഡ് കിട്ടിയത്. പഞ്ചായത്തിന്‍റെ കണക്കെടുത്താൽ തദ്ദേശ വിജയത്തിൽ എൽ.ഡി.എഫ് നേടിയ മേൽകൈയും മറികടന്നായിരുന്നു യു.ഡി.എഫ് കുതിപ്പ്. ആലപ്പുഴ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ നഗരസഭകളിൽ യു.ഡി.എഫും ചേർത്തല, മാവേലിക്കര നഗരസഭകളിൽ എൽ.ഡി.എഫും മുന്നേറ്റമുണ്ടാക്കി.

ജില്ലയിൽ ചേർത്തല ഒഴികെ അഞ്ച് നഗരസഭകളിലും യു.ഡി.എഫിനാണ് ഭരണം. യു.ഡി.എഫിന് ആലപ്പുഴ നഗരസഭയിൽ 17,692, ഹരിപ്പാട് 3152, കായംകുളത്ത് 7732, ചെങ്ങന്നൂരിൽ 254 വോട്ടിന്‍റെയും ലീഡാണ് കിട്ടിയത്. എന്നാൽ, യു.ഡി.എഫ് ഭരിക്കുന്ന മാവേലിക്കര നഗരസഭയിൽ 84 വോട്ടിന്‍റെ മേൽകൈ എൽ.ഡി.എഫിനാണ്. ചേർത്തലയിൽ എൽ.ഡി.എഫിന് 2914 വോട്ടിന്‍റെ ലീഡും നേടാനായി. ആലപ്പുഴ നഗരസഭയിലെ 27 വാർഡുകൾ അമ്പലപ്പുഴ മണ്ഡലത്തിലും 26 വാർഡുകൾ ആലപ്പുഴ മണ്ഡലത്തിലുമാണ്.

അമ്പലപ്പുഴ മണ്ഡലത്തിൽ 8622 വോട്ടും ആലപ്പുഴ മണ്ഡലത്തിൽ 9340 വോട്ടിന്‍റെ ലീഡ് യു.ഡി.എഫിന് കിട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടനത്തെ മറികടന്നാണ് പഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നേറ്റം. ജില്ലയിലെ 47 പഞ്ചായത്തുകളിൽ യു.ഡി.എഫും 25 പഞ്ചായത്തുകളിൽ എൽ.ഡി.എഫും മുന്നിട്ടുനിന്നു. തദ്ദേശ കണക്കിൽ യു.ഡി.എഫിന് 27 പഞ്ചായത്തുകളിലായിരുന്നു ഭരണം. 37 ഇടത്ത് എൽ.ഡി.എഫും എട്ടിടത്ത് എൻ.ഡി.എയുമായിരുന്നു. എൻ.ഡി.എക്ക് ഒരു പഞ്ചായത്തിൽ പോലും മുന്നേറാനായില്ല.

ഒന്നാകെ ചെങ്കോട്ടകൾ തകർന്നു

45 വർഷം എൽ.ഡി.എഫ് മാത്രം ഭരിച്ചിരുന്ന കൈനകരി പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫിനൊപ്പം ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് കനത്ത തിരിച്ചടി നൽകി യു.ഡി.എഫ് മുന്നേറ്റം അവിടെ ആവർത്തിച്ചു. പുന്നപ്ര-വയലാർ സമരഭൂമിയിലെ തദ്ദേശസ്ഥാപനങ്ങളിൽ ഒന്നിൽപോലും മുന്നിലെത്താൻ എൽ.ഡി.എഫിനായില്ല. വി.എസ്. അച്യുതാനന്ദന്‍റെ സ്വന്തം തട്ടകമായ പുന്നപ്ര വടക്ക് പഞ്ചായത്തിൽ 4,509 വോട്ടിന്‍റെ ഭൂരിപക്ഷം യു.ഡി.എഫിന് നേടാനായി. പുന്നപ്ര തെക്ക്-4,674, അമ്പലപ്പുഴ വടക്ക്-3,714, അമ്പലപ്പുഴ തെക്ക്-2,780, പുറക്കാട്-3,360 ഭൂരിപക്ഷത്തിലാണ് ഇടതുകോട്ടകൾ കൈവിട്ടത്.

ആലപ്പുഴ മണ്ഡലത്തിലെ ആലപ്പുഴ നഗരസഭ, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടു. അരൂർ പഞ്ചായത്തിലെ 10 പഞ്ചായത്തുകളിൽ ഏഴിടത്തും യു.ഡി.എഫ് ആധിപത്യം പുലർത്തി. അരൂർ, അരൂക്കുറ്റി, എഴുപുന്ന, കോടംതുരുത്ത്, തുറവൂർ പഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നേറിയപ്പോൾ പെരുമ്പളം, പള്ളിപ്പുറം, പാണാവള്ളി പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചത്.

കായംകുളം, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ഭരിക്കുന്നത് ഉൾപ്പെടെയുള്ള മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. കായംകുളത്ത് എൽ.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങളായ പത്തിയൂർ, ചെട്ടിക്കുളങ്ങര, ദേവികുളങ്ങര പഞ്ചായത്തുകളിലും യു.ഡി.എഫ് നേട്ടം കൊയ്തു.

ഇടതിനൊപ്പം ചേർന്നത് രണ്ട് മണ്ഡലങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തുണയായത് ചേർത്തലയും ചെങ്ങന്നൂരും. ചേർത്തലയിൽ യു.ഡി.എഫ് ഭരിക്കുന്നത് ഉൾപ്പെടെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും എൽ.ഡി.എഫ് മേധാവിത്വം പുലർത്തി. ചെങ്ങന്നൂർ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ എൽ.ഡി.എഫാണ് മുന്നിട്ടുനിന്നത്. എന്നാൽ, നഗരസഭയിലും പാണ്ടനാടും തിരുവൻവണ്ടൂർ പഞ്ചായത്തിലും യു.ഡി.എഫ് ലീഡ് പിടിച്ചു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മാവേലിക്കര നിയമസഭ മണ്ഡലത്തിൽ മാത്രമായിരുന്നു എൽ.ഡി.എഫിന് ലീഡ്.

ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ ഭാഗമായ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലും മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ചെങ്ങന്നൂർ, കുട്ടനാട് മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു ലീഡ്. യു.ഡി.എഫ് 72 സീറ്റുമായി അധികാരത്തിലെത്തിയ 2011ൽ രണ്ടുസീറ്റാണ് ജില്ലയിൽ യു.ഡി.എഫിന് ലഭിച്ചത്. പിന്നീട് നടന്ന രണ്ട് തെര‍ഞ്ഞെടുപ്പുകളിലും അത് ഒന്നായി കുറഞ്ഞു. 2026ലാണ് ആറ് സീറ്റുകളിലേക്ക് യു.ഡി.എഫിന്‍റെ വിജയക്കുതിപ്പ്.

Tags:    
News Summary - Alappuzha joins hands; UDF makes huge progress in municipalities and panchayats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.