മെഡലുമായി
ഡോ. ജയശ്രീ
ആലപ്പുഴ: പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി അന്തർദേശീയ പവർലിഫിറ്റിങ് ചാമ്പ്യൻഷിപ്പിൽ പെൺകരുത്ത് കാട്ടിയ 74കാരി ഡോക്ടർ ഏഷ്യൻ റെക്കോഡുമായി ചരിത്രംകുറിച്ചു. തുർക്കിയയിലെ ഇസ്തംബൂളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 70 വയസ്സിന് മുകളിലുള്ള വിഭാഗത്തിലെ മൂന്ന് ഇനങ്ങളിൽ സ്വർണമെഡലുമായാണ് ഏഷ്യൻ റെക്കോഡ് സ്വന്തംപേരിൽ കുറിച്ചത്. ദേശീയ ചാമ്പ്യൻകൂടിയായ ആലപ്പുഴ വലിയചുടുകാട് പുളിപ്പറമ്പിൽ പരേതനായ കെ. മഥനന്റെ ഭാര്യ ഡോ. ജി. ജയശ്രീയാണ് അപൂർവനേട്ടം കൈവരിച്ചത്.
മാസ്റ്റേഴ്സ് ഫോർ കാറ്റഗറിയിൽ 47 കിലോ വിഭാഗത്തിലായിരുന്നു മത്സരം. ഇതിൽ ബെഞ്ച് പ്രസ് (22.5), സ്ക്വാട്ട് (25 കിലോ), ഡെഡ്ലിഫ്റ്റ് (80 കിലോ) എന്നിങ്ങനെ ആകെ 127.5 കിലോ ഉയർത്തിയാണ് സ്വർണം നേടിയത്. ഈ പ്രകടനത്തിന് പിന്നാലെ ക്ലാസിക് കാറ്റഗറി വനിത വിഭാഗത്തിൽ മൂന്നാമത്തെ ബെസ്റ്റ് ലിഫ്റ്റർ ബഹുമതിയും സ്വന്തമാക്കി. ദീർഘകാലം വണ്ടാനം മെഡിക്കൽ കോളജിൽ ഗൈനകോളജിസ്റ്റായിരുന്നു. ആലപ്പുഴ ഡെപ്യൂട്ടി ഡി.എം.ഒ ആയാണ് വിരമിച്ചത്. പിന്നാലെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും സേവനം അനുഷ്ഠിച്ചു.
വിശ്രമജീവിതത്തിനിടെ ശരീരവണ്ണം കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജിമ്മിൽ ചേർന്നു. ഇതാണ് ജീവിതത്തിൽ വഴിത്തിരിവായത്. പരിശീലനത്തിലൂടെ കൂടുതൽ കരുത്താർജിച്ച് മത്സരത്തിൽ സജീവസാന്നിധ്യമായി. ജില്ല-ദേശീയ തലങ്ങളിൽ വിജയം കൂടെകൂടി. ഈവർഷം കോഴിക്കോട് നടന്ന ദേശീയ മാസ്റ്റേഴ്സ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇതേ കാറ്റഗറിയിൽ മെഡൽവാരിക്കൂട്ടി ദേശീയ ചാമ്പ്യനായി. ഇന്ത്യൻ ടീമിന്റെ കോഓഡിനേറ്റർ കൂടിയായ, ദുബൈയിൽ ജോലി ചെയ്യുന്ന മൂത്ത മകൻ സിദ്ധാർഥിനൊപ്പമാണ് ഇസ്തംബൂളിൽ പോയത്. മത്സരത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുന്നതായിരുന്നു മിന്നുംപ്രകടനം. ആലപ്പി ജിമ്മിലെ മിഥുൻ ജോസഫിന്റെ പരിശീലനത്തിലൂടെയാണ് അന്താരാഷ്ട്ര വേദിയിൽ തിളങ്ങാനായത്. 26 രാജ്യങ്ങളിൽനിന്ന് 300ലധികം താരങ്ങളും ഒഫീഷ്യലുകളും മാറ്റുരച്ച മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 17 അംഗ സംഘത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണ് ഡോ. ജയശ്രീയുടെ വിജയം. ഇളയമകൻ: സന്ദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.