ആലപ്പുഴ ബീച്ചിന് സമീപത്തെ സിവ്യൂ കനാൽ തീരത്തെ അഡ്വഞ്ചർ പാർക്ക്
ആലപ്പുഴ: സാഹസിക വിനോദസഞ്ചാരത്തിന് പ്രാമുഖ്യം നൽകി ജില്ലയിൽ രണ്ടിടത്ത് അഡ്വഞ്ചർ വാട്ടർ സ്പോർട്സ് ടൂറിസം ഹബ് വരുന്നു. ഗോവൻ മാതൃകയിൽ കൈനകരി വട്ടക്കായലിലും മാരാരി ബീച്ചിലുമാണ് പദ്ധതി ആരംഭിക്കുന്നത്. ആലപ്പുഴ ബീച്ചിന് സമീപം തുടങ്ങിയ സിവ്യൂപാർക്കിന്റെ മാതൃകയിൽ സ്വകാര്യസംരംഭകരുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക. രണ്ടിടത്തും സ്പീഡ് ബോട്ട്, ബനാന റൈഡ്, വാട്ടർ സ്കൂട്ടർ അടക്കമുള്ള റൈഡുകൾ സജ്ജമാക്കും. സുരക്ഷക്ക് പ്രാധാന്യം നൽകിയാകും ഹബുകൾ പ്രവർത്തിക്കുക.
കൈനകരി വട്ടക്കായലിൽ ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലാണ് മാരാരിയുടെ സ്ഥാനം. നഗരത്തിൽനിന്നും 11 കിലോമീറ്റർ ദൂരംതാണ്ടിയാൽ റിസോർട്ട് ബീച്ചിലെത്താം.
കോവിഡാനന്തരം ആഭ്യന്തര-വിദേശ സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ കായൽസൗന്ദര്യം നുകരാൻ ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിലും ഹൗസ്ബോട്ടുകളിലും ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. അതിവേഗ ബോട്ടായ വേഗ-രണ്ട്, സീ കുട്ടനാട്, വാട്ടർ ടാക്സി, യാത്രാബോട്ടുകൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് യാത്ര. പുന്നമട ഫിനിഷിങ്ങ് പോയന്റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽനിന്നാണ് ഹൗസ്ബോട്ടുകളുടെ യാത്ര. സെപ്റ്റംബറിൽ നടന്ന നെഹ്റുട്രോഫി വള്ളംകളിക്ക് പിന്നാലെയാണ് സഞ്ചാരികളുടെ തിരക്ക് വർധിച്ചത്.
ഹൗസ്ബോട്ടും കായൽത്തീരവും കഴിഞ്ഞാൽ പിന്നെ സഞ്ചാരികളെ ആകർഷിക്കുന്നത് ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യമാണ്. സമീപത്തെ ലൈറ്റ്ഹൗസും ആകർഷകമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആലപ്പുഴ കടൽപാലം തുരുമ്പെടുത്തു. പൈതൃക പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പഴയയുദ്ധക്കപ്പൽ നോക്കുകുത്തിയായി.
ആലപ്പുഴ ബീച്ചിന് സമീപം സീ വ്യൂ കനാൽ തീരത്ത് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ തുറന്ന അഡ്വഞ്ചർ പാർക്കും വേറിട്ടതാണ്. ബോട്ടിങ് അടക്കമുള്ള ജലവിനോദങ്ങൾക്കൊപ്പം മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന സൗകര്യങ്ങളും ഇവിടെയുണ്ട്. പ്രവേശനഫീസ് 50 രൂപയാണ്. ഫാമിലി റോപ്പ് റൈഡർ-250 രൂപ (ഒരാൾക്ക്), സിപ്പ് ലൈൻ-250, ബോട്ടിങ് (രണ്ടുസീറ്റ്)-250, ബോട്ടിങ് (നാലുസീറ്റ്)-350, കുട്ടികളുടെ പെഡൽ ബോട്ട്-100, കയാക്ക് (രണ്ടുസീറ്റ്)-250, വാട്ടർ റോളർ-150 എന്നിങ്ങനെയാണ് നിരക്ക്. രാവിലെ 11 മുതൽ രാത്രി 10വരെയാണ് പ്രവർത്തനം. അവധിദിനങ്ങളിലാണ് തിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.