തൃക്കുന്നപ്പുഴ: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ 11 പേരെയും കോടതി വെറുതെ വിട്ടു. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തുവെന്ന ആരോപണത്തിലാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി എം. സുഹൈബ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2016 ജനുവരി 23-ന് രാത്രി 11.15-ഓടെ പാനൂർ ഗവ. യു.പി സ്കൂളിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർ സൈക്കിൾ കൈവശം വെച്ചതിന് കറുകത്തറ പടിറ്റതിൽ അൻസാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ബലമായി മോചിപ്പിക്കാനും തടയാൻ ശ്രമിച്ച സിവിൽ പൊലീസ് ഓഫിസർ സുധീഷിനെ മർദിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണു, സനൽ കുമാർ, ഹോം ഗാർഡ് ജയകുമാർ, സബ് ഇൻസ്പെക്ടർ പ്രതീഷ് കുമാർ എന്നിവർക്ക് പരിക്കേൽക്കുകയും പൊലീസ് ജീപ്പിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
കേസിൽ പ്രതികളായ പാനൂർ സ്വദേശികളായ കറുകത്തറ പടീറ്റതിൽ അൻസർ, പൂത്തറ ഷാജി, കിഴക്കത്തുശ്ശേരിൽ പടീറ്റതിൽ സനൂപ്, പൂത്തറ കിഴക്കതിൽ ബഷീർ, ചക്കനാട്ടുതുണ്ടിൽ ഷംഷാദ്, പറത്തറയിൽ അബ്ദുൽഖാദർ, കണ്ണമ്പള്ളിൽ മുഹമ്മദ് അസ്‌ലം, പുത്തൻ കണ്ടത്തിൽ അബ്ദുൽ വാഹിദ്, പറത്തറയിൽ സുനുമോൻ, കരീനാട്ട് നവാസ്, പാലപ്പള്ളി കരയിൽ ഷെരീഫ് എന്നിവരെയാണ് കോടതി വിട്ടയച്ചത്. പ്രതികൾക്കായി അഭിഭാഷകരായ എം. ഇബ്രാഹിംകുട്ടി, ജെ.യു. അർജുൻ, ടി.എസ്. താഹ എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.