ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയിൽ മാതൃക പെരുമാറ്റച്ചട്ടമായി. ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഞായറാഴ്ച നിലവിൽവന്ന മാതൃക പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നതുവരെ അത് നിലനിൽക്കും. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടി പെരുമാറ്റ സംഹിത നടപ്പാക്കുന്നതിന്റെ ഭാഗമായി കമീഷന് സ്വീകരിക്കും.
ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാർഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തുക, പിക്കറ്റിങ് നടത്തുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ല. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില് തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടാനും ബാനറുകള്‍ കെട്ടാനും പരസ്യം ഒട്ടിക്കുന്നതിനും മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനും ഉപയോഗിക്കാന്‍ പാടില്ല.
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരവും ഭാഷാപരവുമായ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. മറ്റ് രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോൾ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വ ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമാവേണ്ടതാണ്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെകുറിച്ചുള്ളതായിരിക്കരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ പാടില്ല.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല. പള്ളികള്‍, ക്ഷേത്രങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടുതേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ച സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങൾ നടത്തുക. പോളിങ് സ്റ്റേഷനിലേക്കും അവിടെനിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.