ഗ്യാസ് തീർന്നു... ആലപ്പുഴ വലിയകുളത്തെ ഹോട്ടൽ തുറക്കില്ലെന്ന് കാണിച്ച കാലിയായ
സിലിണ്ടറിൽ നോട്ടീസ് പതിക്കുന്നു
ആലപ്പുഴ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ജില്ലയിൽ പാചക വാതക ക്ഷാമം രൂക്ഷം. അന്നം മുട്ടുന്ന സാഹചര്യത്തെ നേരിടാൻ ഹോട്ടലുകാർ പൊതുഅടുക്കളയിലേക്ക് മാറുന്നു. ജില്ലയിൽ ഇതുവരെ 65 ഹോട്ടലുകളാണ് അടച്ചത്. നിരവധി ഹോട്ടലുകൾ പൂട്ടിയ സാഹചര്യത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പാചകം ചെയ്യുന്നതിന് പൊതുഅടുക്കള ക്രമീകരിക്കുന്നത്.
15 ഹോട്ടലുകൾ വരെ ഒരുമിച്ച് ചേർന്ന് ഒരിടത്ത് വിറകടുപ്പ് ക്രമീകരിച്ച് മൂന്നുനേരം ഭക്ഷണമുണ്ടാക്കും. ഹോട്ടലുടമകൾ സന്നദ്ധരാണെങ്കിൽ ആശയം പ്രാവർത്തികമാക്കും. ഓരോ പ്രദേശത്തെയും ഹോട്ടലുകളെ കണ്ണികളായി ഓഡിറ്റോറിയത്തിന്റെ അടുക്കള വാടകക്കെടുത്ത് ഒന്നിച്ച് ആഹാരം പാകം ചെയ്ത് വിതരണം നടത്തും.
പാചകവാതക ലഭ്യത കുറഞ്ഞതോടെ മിക്ക ഹോട്ടലുകളിലും വിഭവങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി. ഷവർമ, ഷവായ് പോലെയുള്ള വിഭവങ്ങൾ പൂർണമായും ഒഴിവാക്കി. ഹോട്ടലുകളിൽ മെനുവിലും മാറ്റം വരുത്തി. നിശ്ചിത സമയം മാത്രമേ ചായ ഉണ്ടാവൂ. എണ്ണക്കടികൾ പല ഹോട്ടലുകളും ഒഴിവാക്കി. വിറകടുപ്പിൽ പാകം ചെയ്യാനാവുന്ന ഇഡലി, ഊൺ, ബിരിയാണി എന്നിവയാണ് പല ഹോട്ടലുകളിലും വിൽക്കുന്നത്.
ഹോട്ടലുകൾ അടക്കുന്നതോടെ അനധികൃത കച്ചവടം പെരുകുമെന്നും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്. ചില ഹോട്ടലുകളിൽ ഇൻഡക്ഷൻ കുക്കർ, വിറക് അടുപ്പ്, മണ്ണെണ്ണ സ്റ്റൗ, കുറ്റിയടുപ്പ് എന്നിവ ഉപയോഗിക്കുന്നുണ്ട്. ഹോട്ടലുകളിൽ പൊറോട്ട, ദോശ എന്നിവ ലൈവായി ഇനി നൽകില്ല. പാചക വാതക ഉപഭോഗം കൂടുതലായതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.