ആലപ്പുഴ വൈ.എം.സി.എയിൽ സംഘടിപ്പിച്ച സഹായക്യാമ്പ് എ.ഡി.എം ആശ സി. എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാത്ത 128 കോടി രൂപയുടെ നിക്ഷേപം. പണം ബന്ധപ്പെട്ടവർക്ക് തിരികെനൽകാനായി ധനകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ‘‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’’ എന്ന ബോധവത്കരണ കാമ്പയിന് തുടക്കമായി. ആലപ്പുഴ വൈ.എം.സി.എയിൽ സംഘടിപ്പിച്ച സഹായ ക്യാമ്പിന്‍റെ ഉദ്ഘാടനം എ.ഡി.എം ആശ സി. എബ്രഹാം നിർവഹിച്ചു.
ഒക്ടോബർ ഒന്ന് മുതൽ ജില്ലയിലെ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ ലഭിച്ച 2369 അപേക്ഷകളിലായി 2.62 കോടി രൂപ ഇതുവരെ കൈമാറിയെന്ന് ലീഡ് ബാങ്ക് മാനേജർ എം. അരുൺ പറഞ്ഞു. 128 കോടി രൂപയാണ് അവകാശികളില്ലാത്ത നിക്ഷേപമായി കണ്ടെത്തിയിട്ടുള്ളത്. നിക്ഷേപകർ മരിച്ചുപോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളിൽ ഇടപാടുകള്‍ മുടങ്ങാറുണ്ട്. ചിലരുടെ അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല.
10 വർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പ് നൽകുകയും ചെയ്യാറുണ്ട്.
ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തുടര്‍ നടപടികള്‍ക്കായി എല്ലാ ബാങ്കുകളിലും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ചടങ്ങിൽ ആലപ്പുഴ എസ്.ബി.ഐ റീജനൽ മാനേജർ ടി.വി. മനോജ്, നബാർഡ് ഡി.ഡി.എം മിനു അൻവർ, വിവിധ ബാങ്ക് ഉദ്യോഗസ്ഥർ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.