ആലപ്പുഴ: ആലപ്പുഴ രൂപത മുൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ തീരദേശജനതയുടെ വെളിച്ചമായിരുന്നു. സൂനാമി ദുരന്തത്തിൽ ദുരിതബാധിതർക്ക് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചപ്പോൾ തീരദേശ ജനതക്കായി ഐതിഹാസിക സമരവുമായിട്ടാണ് അദ്ദേഹം രംഗത്തിറങ്ങിയത്. 2007 സെപ്റ്റംബർ 17ന് ആലപ്പുഴ കലക്ടറേറ്റിന് ചുറ്റും നടത്തിയ സമരത്തിന് നേതൃപരമായി പങ്കുവഹിച്ചപ്പോൾ ആലപ്പുഴ നഗരംകണ്ട ഏറ്റവും വലിയ സമരമായി അത് മാറി. 2004ൽ സൂനാമിയെത്തുടർന്ന് വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെ രോദനമാണ് അന്ന് ഉയർന്നത്. കലക്ടറേറ്റ് പിക്കറ്റ് ചെയ്യാൻ രാവിലെ മുതൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്മാറില്ലെന്നായിരുന്നു ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയിലിന്‍റെ നിലപാട്. പതിനായിരങ്ങൾ അണിനിരന്ന മത്സ്യത്തൊഴിലാളി സമരത്തെത്തുടർന്ന് അധികാരികൾ അന്നുതന്നെ ചർച്ചക്ക് വിളിക്കുകയും സർക്കാറുമായി ധാരണയിലെത്തി പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെയാണ് സ്കൂളുകളിൽ കെട്ടിടങ്ങൾ വന്നത്. റോഡുകൾ നന്നാക്കി. പല പ്രശ്നങ്ങളും പരിഹരിച്ചു. ജനപക്ഷ നിലപാടുകളുടെ അമരക്കാരനായ ബിഷപ് സൂനാമി ദുരന്തത്തിന്‍റെ ഓർമപുതുക്കാൻ അന്ധകാരനഴിയിൽ നേരിട്ട് എത്തുമായിരുന്നു. ജനങ്ങളോടൊപ്പമുള്ള നിറഞ്ഞ സാന്നിധ്യവും തുറന്ന പങ്കാളിത്തവുമാണ് അദ്ദേഹത്തെ വിശ്വാസികളുടെയും ജനതയുടെയും പ്രിയങ്കരനാക്കിയത്. അർത്തുങ്കലിന് സമീപം ചേന്നവേലി അത്തിപ്പൊഴിയിൽ ഔസേപ്പ്-ബ്രിജിറ്റ് ദമ്പതിമാരുടെ നാലുമക്കളിൽ നാലാമനായിരുന്നു. ഈപ്പച്ചനെന്നായിരുന്നു ആദ്യകാലത്തെ പേര്. വീടിന്റെ വിളിപ്പാടകലെ കടൽ ഇളകിമറിയുന്നതും നീലാകാശത്തിനുതാഴെ നീലപ്പട്ട പുതച്ച് ശാന്തമാകുന്നതും നോക്കി മിക്കദിവസങ്ങളിലും മണിക്കൂറുകളോളം ചെലവഴിക്കുമായിരുന്നു. കടലുമായുള്ള ഈ ആത്മബന്ധമാണ് പിൽക്കാലത്ത് കടലോര മക്കളുടെ പാലകനായി അത്തിപ്പൊഴിയിൽ നിയോഗിക്കപ്പെട്ടത്. തീരദേശ ജനങ്ങളെ നെഞ്ചോടുചേർത്ത ഇടയൻ -വി.ഡി. സതീശൻ ആലപ്പുഴ: ആലപ്പുഴ രൂപത മുന്‍ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിൽ തീരദേശ ജനങ്ങളെ നെഞ്ചോടുചേർത്ത ഇടയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. സൂനാമി ഏറ്റവുമധികം ദുരിതം വിതച്ച ആലപ്പുഴയില്‍ എല്ലാം നഷ്ടമായവര്‍ക്ക് സംരക്ഷണമൊരുക്കിയതും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി മുന്നിട്ടിറങ്ങിയതും ബിഷപ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലളിതജീവിതം പ്രശോഭിതമാക്കിയ വ്യക്തിത്വം -എ.എം. ആരിഫ് ആലപ്പുഴ രൂപത മുൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ലളിതജീവിതം പ്രശോഭിതമാക്കിയ വ്യക്തിത്വമാണെന്ന് എ.എം. ആരിഫ് എം.പി. തീരജനതക്കുവേണ്ടി എന്നും നിലകൊണ്ടു. അന്ധകാരനഴിയുടെ വികസനത്തിനുവേണ്ടി പ്രത്യേകം താൽപര്യമെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.