രണ്ടാം ദിനവും ജനജീവിതം സ്​​തംഭിച്ചു

കലക്ടറേറ്റിൽ ജോലിക്കെത്തിയവരെ തടഞ്ഞു; ആർ.ഡി ഓഫിസിൽ ആരുമെത്തിയില്ല ആലപ്പുഴ: കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്​ സംയുക്ത ട്രേഡ്​ യൂനിയന്‍റെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിന്‍റെ രണ്ടാംദിനവും ജനജീവിതം സ്തംഭിച്ചു. ഡയസ്​നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക്​ ഓഫിസിലെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. സർക്കാർ ഓഫിസുകൾ തുറന്നെങ്കിലും ഹാജർനില കുറവായിരുന്നു. കെ.എസ്​.ആർ.ടി.സി നാമമാത്ര സർവിസാണ്​ നടത്തിയത്​. ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകൾ പൂർണമായും ഓടിയില്ല. ടൂറിസം മേഖലയിൽ ഉണർവേകി ഹൗസ്​ ബോട്ടുകളും ശിക്കാരവള്ളങ്ങളും സഞ്ചാരികളുമായി കായൽ ചുറ്റി. കലക്ടറേറ്റിൽ നാലുപേരാണ്​ ജോലിക്കെത്തിയത്​. ദുരന്തനിവാരണ അതോറിറ്റിയിൽ മൂന്നും കൺട്രോൾ റൂമിൽ ഒരാളുമാണ്​​ ഹാജരായത്​. ആർ.ഡി ഓഫിസിൽ ആരുമെത്തിയില്ല. റവന്യൂ വിഭാഗത്തിൽ നാലുപേർ ജോലിക്കെത്തി. കണ്ടല്ലൂർ വില്ലേജിൽ രണ്ടും ചെങ്ങന്നൂർ താലൂക്ക്​ ഓഫിസിൽ തഹസിൽദാറും ഒരുജീവനക്കാരനും ജോലിക്കെത്തി. ബഹുഭൂരിപക്ഷം സർക്കാർ ജീവനക്കാരും ജോലിയിൽനിന്ന്​ വിട്ടുനിന്നു. ഓട്ടോ-ടാക്സി, സ്വകാര്യബസുകൾ എന്നിവ ഓടിയില്ല. ആലപ്പുഴ ഡിപ്പോയിൽനിന്ന്​ മൂന്ന്​ കെ.എസ്​.ആർ.ടി.സി സർവിസ്​ നടത്തി. തിരുവല്ല, എറണാകുളം, കായംകുളം റൂട്ടിലേക്ക്​ ഫാസ്റ്റ്​ പാസഞ്ചറുകളാണ്​ ഓടിയത്​. 120 ജീവനക്കാരിൽ 29പേർ ഹാജരായെങ്കിലും സർവിസുകൾ പലതും നടത്താനായില്ല. യാത്രക്കാരുടെ എണ്ണത്തിൽ വൻകുറവുണ്ടായതാണ്​ പ്രശ്നം. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന്​ കൊട്ടാരക്കര-കോട്ടയം ചെയിൻ സർവിസ് നടത്തിയ ജീവനക്കാർക്കുനേരെ കൊട്ടാരക്കരയിൽ പണിമുടക്ക്​ അനുകൂലികളായ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കൈയേറ്റ ശ്രമമുണ്ടായി. ഡ്രൈവർ എം.എസ് നന്ദകുമാർ, കണ്ടക്ടർ ജി. പ്രദീപ്കുമാർ എന്നിവർക്കുനേരെയാണ്​ കൈയേറ്റ ശ്രമമുണ്ടായത്​. കടകമ്പോളങ്ങൾ അടഞ്ഞുകി​ടന്നെങ്കിലും ഗ്രാമീണമേഖലയിൽ കടകൾ തുറന്നു. നഗരത്തിലെ ബേക്കറികളും ചില ഹോട്ടലുകളും തുറന്നു. നഗരത്തിലെ തിയറ്ററുകളിൽ ഫസ്റ്റ്​ ഷോ പ്രദർശനമുണ്ടായിരുന്നു. ആരോഗ്യമേഖലയെയും കാര്യമായി ബാധിച്ചു. ജീവനക്കാരുടെ യാത്രക്ക്​ ആംബുലൻസ്​ അടക്കമുള്ള ഗതാഗതസൗകര്യങ്ങൾ ഒരുക്കിയെങ്കിലും പലരും എത്തിയില്ല. ​ഇത്​ കോവിഡ്​ വാക്​സിൻ വിതരണത്തെയും ബാധിച്ചു. ആലപ്പുഴ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ്​ ഒ.പികളിൽ ഡോക്ടർമാർ എത്തിയെങ്കിലും രോഗികൾ കുറവായിരുന്നു. തുടർച്ചയായ നാലുദിവസമാണ്​ ബാങ്കുകൾ അടഞ്ഞുകിടന്നത്​. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്​ നവീകരണപ്രവർത്തനവും നടന്നില്ല. തൊഴിലാളികൾ, കൃഷിക്കാർ, ബാങ്ക് ജീവനക്കാർ, ഇൻഷുറൻസ് മേഖലയിലെ ജീവനക്കാർ, തുറമുഖ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിൽ അണിചേർന്നു. ജില്ലയിലെ പഞ്ചായത്ത്-മുനിസിപ്പൽ പ്രദേശങ്ങളിൽ ഒരുക്കിയ സമരകേന്ദ്രങ്ങളിൽനിന്ന്​ തൊഴിലാളികളുടെ പ്രകടനവും ധർണയും നടന്നു. ആലപ്പുഴ ടൗൺഹാളിന്​ മുന്നിൽ പണിമുടക്കിന്‍റെ സമാപനസമ്മേളനം എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ വി. മോഹൻദാസ്​ ഉദ്​ഘാടനംചെയ്തു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, കെ.എസ്​.ടി.എ സംസ്ഥാന പ്രസിഡന്‍റ്​ ഡി. സുധീഷ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ല സെക്രട്ടറി സി. ജയരാജ്, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ വി.എസ്. മണി തുടങ്ങിയവർ സംസാരിച്ചു. APL strike പണിമുടക്കിൽ വിജനമായ ദേശീയപാതയിലെ പുന്നപ്ര ജങ്​ഷൻ APL punnapra market പണിമുടക്കിൽ വ്യാപാരം നിലച്ച പുന്നപ്ര മാർക്കറ്റ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.